
കൊല്ലം : പ്രധാന ടിക്കറ്റ് ഇതര വരുമാനമാർഗമായി മാറിയ കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസ് ജില്ലയിൽ വിജയത്തിലേക്ക്. ഒപ്പം ബസ് സ്റ്റേഷനുകളിലെ ഷോപ്പുകൾ ലീസിനു നൽകിയും, ഡ്രൈവിംഗ് സ്‌കൂൾ പോലുള്ള പുതിയ സംരംഭങ്ങളും സ്വകാര്യ സ്ഥാപനങ്ങൾ ഡിപ്പോയിൽ നടത്തുന്ന ബ്രാൻഡിംഗ് പ്രവർത്തനങ്ങൾക്ക് പകരമായി അവരെ ഡിപ്പോയിലെ വികസന പ്രവർത്തങ്ങളിൽ പങ്കാളികളാക്കിയും വരുമാനത്തിൽ മികച്ച കുതിപ്പ് ജില്ലയിൽ നടത്താൻ കെ.എസ്.ആർ.ടി.സിക്കായി.
രണ്ടുവർഷം മുൻപാണ് ജില്ലയിൽ കൊറിയർ സേവനം തുടങ്ങിയത്. പ്രതിമാസം ഒമ്പത് ലക്ഷം രൂപയോളം വരുമാനം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നുണ്ട്. നിലവിൽ കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി ഡിപ്പോകളിലാണ് കൊറിയർ സേവനം ലഭ്യം. കൊല്ലം ഡിപ്പോയിൽ നിന്ന് പ്രതിദിനം 15,000 രൂപ വരെയും ബാക്കി ഡിപ്പോകളിൽ 5,000 രൂപ വരെയുമാണ് വരുമാനം. 15 കിലോ വീതമാണ് പരമാവധി ഒരു പെട്ടിയിൽ ഉൾക്കൊള്ളിക്കുന്ന ഭാരം. ചെറിയ കവർ മുതൽ ഒരു കിലോ വരെയുള്ളത് കൊറിയർ സർവീസിലും ഒരു കിലോ മുതൽ 120 കിലോവരെ പാഴ്സലായിട്ടുമാണ് അയക്കാൻ സാധിക്കുക.
വസ്തുവിന്റെ ഭാരവും, ദൂരവും കണക്കാക്കി വ്യത്യസ്ത സ്ലാബുകളിലാണ് പാർസൽ/ കൊറിയർ നിരക്ക് നിർണയം. 30 രൂപ മുതൽ 245 രൂപ വരെയാണ് കൊറിയർ സർവീസിൽ ഈടാക്കുന്നത്. അഞ്ചുകിലോവരെ ഭാരമുള്ള വസ്തുക്കൾ 200 കിലോമീറ്ററിനുള്ളിൽ പാർസൽ അയക്കാൻ 110 രൂപയും, 800 കിലോമീറ്ററിനു 430 രൂപയുമാണ്. 105 മുതൽ 120 കിലോ വരെയുള്ള സാധനങ്ങൾ അയക്കാൻ 200 കിലോമീറ്ററിനുള്ളിൽ 619.20 രൂപയും 800 കിലോമീറ്ററിനു 2491.20 രൂപയുമാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവയാണ് കൂടുതലും കൊറിയർ സേവനത്തിലൂടെ അയക്കുന്നതെന്ന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അരുൺ പറഞ്ഞു.
മറ്റൊരു ടിക്കറ്റ് ഇതര വരുമാന പദ്ധതിയായ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ചടയമംഗലം ഡിപ്പോയിലാണ് പ്രവർത്തനം. ഇതുവരെ 59 പേർ ഇവിടുത്തെ പരിശീലനത്തിലൂടെ ഭാരവാഹനങ്ങളുടെ ലൈസൻസ് പരീക്ഷ വിജയിച്ചു. 21 പേർക്ക് ഇരുചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസും ലഭിച്ചു. 19,30,100 രൂപയാണ് ഓഗസ്റ്റ് വരെ സ്‌കൂൾ നേടിയ വരുമാനം. ഭാരവാഹനങ്ങളുടെ ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പരിശീലനത്തിന് 11,000 രൂപയും, ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി 3,500 രൂപയുമാണ് ഈടാക്കുന്നത്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 20 ശതമാനം ഫീസിളവുമുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂൾ അസിസ്റ്റന്റ് ദീപ പറഞ്ഞു.
ടിക്കറ്റിന് ചില്ലറ നൽകുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ട്രാവൽ കാർഡ് പദ്ധതിയും നടപ്പാക്കി. ജില്ലയിൽ ഇതുവരെ വിവിധ ഡിപ്പോകൾ വഴി 27,600 കാർഡുകളാണ് വിതരണം ചെയ്തത്. 100 രൂപയ്ക്ക് ലഭിക്കുന്ന കാർഡ് റീചാർജ് ചെയ്ത് ഉപയോഗിക്കാം. 1,000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2,000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധിക ക്രെഡിറ്റ് ലഭിക്കും. പ്ലസ്.ടു വരെയുള്ള വിദ്യാർഥികൾക്കായി 110 രൂപയ്ക്ക് ഡിജിറ്റൽ കൺസഷൻ കാർഡും തയ്യാറാക്കും. ഇവ ഉപയോഗിച്ച് പ്രതിമാസം 25 ദിവസം നിശ്ചിത റൂട്ടുകളിൽ യാത്ര ചെയ്യാം. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,20,000 ട്രാവൽ കാർഡുകളാണ് വിതരണം ചെയ്തത്.
ഡിപ്പോകളിൽ ബ്രാൻഡിംഗ് ചെയ്യാൻ സ്വകാര്യസ്ഥാപനങ്ങൾക്ക് അവസരം ഒരുക്കിയതിലൂടെ ജില്ലയിൽ പുനലൂർ ഡിപ്പോയിൽ ആദ്യഘട്ട പ്രവൃത്തികൾ നടത്തി. ഇതിന്റെ ഭാഗമായി ഡിപ്പോയുടെ മുൻവശം നവീകരിച്ച് പൂന്തോട്ടം ഒരുക്കി. അടുത്തഘട്ടത്തിൽ പെയിന്റിംഗ്, മറ്റു അറ്റകുറ്റപണികളും സൗന്ദര്യവത്കരണവും നടത്തുമെന്ന് പുനലൂർ അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ ബി എസ് ഷിജു വ്യക്തമാക്കി.
യാത്രക്കാരുടെ സൗകര്യങ്ങളും കെ.എസ്.ആർ.ടി.സിയുടെ ആധുനികവത്ക്കരണവും ലക്ഷ്യമിട്ട് ടിക്കറ്റിങ്, സർവീസുകളുടെ സമയക്രമങ്ങൾ തത്സമയം യാത്രക്കാർക്ക് അറിയാൻ ഓൺലൈൻ സംവിധാനങ്ങളും നടപ്പാക്കി. ഇതിനായി ഒരുക്കിയ ചലോ ആപ്പിലൂടെ യാത്രക്കാർക്ക് ബസുകളുടെ തത്സമയ ലൊക്കേഷൻ, റൂട്ടുകൾ, ഒഴിവുള്ള സീറ്റുകൾ തുടങ്ങിയ വിവരങ്ങൾ ഫോണിൽ ലഭ്യമാകും. മൊബൈൽ ടിക്കറ്റുകളും പാസുകളും വാങ്ങാനും യു.പി.ഐ കാർഡ്, നെറ്റ് ബാങ്കിംഗ്, വാലറ്റ് പേയ്‌മെന്റ്, ചലോ ട്രാവൽ കാർഡ് തുടങ്ങി വിവിധ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ച് പണരഹിതയാത്ര നടത്താനും ആപ്പ് വഴി സാധിക്കും. ഓരോ ട്രിപ്പിലെ യാത്രക്കാരുടെ എണ്ണം, വരുമാനം, തിരക്ക് എന്നിവ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിരീക്ഷിച്ച് ബസുകളുടെ സമയക്രമീകരണം കാര്യക്ഷമമാക്കാനും വരുമാനത്തിൽ വർധനവുണ്ടാകാനും സഹായകമായി.