പ്ലമ്പറായും ഇലക്‌ട്രീഷ്യനായും കുടുംബശ്രീ വനിതകൾ എത്തും ; ഒരു കോൾ മതി

10:50 AM Nov 06, 2025 |


പത്തനംതിട്ട: പ്ലമ്പറായും ഇലക്ട്രീഷ്യനായും കുടുംബശ്രീ വനിതകൾ വിളിപ്പുറത്തുണ്ടാവും. കുടുംബശ്രീയും വിജ്ഞാന കേരളവും കൈകോർത്തുള്ള പുതിയപദ്ധതിയായ ‘സ്കിൽ അറ്റ് കോൾ’ വഴിയാണ് വനിതകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇലക്ട്രീഷ്യൻ, പ്ലമ്പർ, പെയിന്റർ, ഗാർഡനിങ്, ലാൻഡ് സ്കേപ്പിങ്, ലോൺട്രി, അയണിങ് സർവീസ്, മൊബൈൽ കാർവാഷ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അറ്റകുറ്റപ്പണി-പരിപാലന (റിപ്പയർ ആൻഡ് മെയിന്റനൻസ്) സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. നിലവിൽ സ്വകാര്യ മേഖലയിൽ ഇത്തരത്തിൽ ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.


പദ്ധതിയിൽ സംരംഭവ്യവസ്ഥയിൽ ജോലിചെയ്യുന്നതിന് താത്പര്യമുള്ള അംഗങ്ങളെ അയൽക്കൂട്ടങ്ങളിൽനിന്നും ഓക്സിലറി ഗ്രൂപ്പിൽനിന്നും തിരഞ്ഞെടുക്കും. ഐടിഐ, പോളിടെക്നിക് ട്രേഡുകൾ പഠിച്ച സ്ത്രീകളെയാണ് പ്രധാനമായും അംഗങ്ങളായി തിരഞ്ഞെടുക്കുക. ഇവരുടെ സംരംഭക രജിസ്ട്രേഷൻ സിഡിഎസ് തലത്തിൽ പൂർത്തിയാക്കും.

ബ്ലോക്ക് തലത്തിൽ സംരംഭങ്ങളെ ബന്ധിപ്പിക്കുന്നത് മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ (എംഇആർസി) വഴിയാണ്. സംരംഭങ്ങൾക്ക് ആവശ്യമായ വായ്പയും പിന്തുണയും നൽകുന്നത് എംഇആർസിയാണ്. ഇതുവഴിയാകും സ്കിൽ അറ്റ് കോൾ പദ്ധതിയുടെ നടത്തിപ്പ്. ജില്ലയിൽ ഒരു കോൾ സെന്റർ ഉണ്ടാകും. അവിടേക്കുവരുന്ന കോളുകൾ എംഇആർസികൾക്കും സിഡിഎസിനും കൈമാറിയാണ് സേവനം ആവശ്യമായ ആളുകളിലേക്ക് അംഗങ്ങൾ എത്തുക. ജോലിയ്ക്ക് ഈടാക്കുന്ന തുക അംഗങ്ങളുടെ കൈവശമോ എംഇആർസിയിലോ അടയ്ക്കാം.

കുടുംബശ്രീയുടെ നൈപുണ്യ പരിശീലനത്തിൽ ഉൾപ്പെടുത്തി അംഗങ്ങൾക്കുള്ള പരിശീലനം നവംബർ, ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കും. ലാൻഡ് സ്കേപ്പിങ്, ഇവന്റ് മാനേജ്മെന്റ്, ഗാർഡനിങ് എന്നിവ ബ്ലോക്ക് തലത്തിലാണ് നടപ്പാക്കുക. സംരംഭത്തിന് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിന് 75 ശതമാനം സബ്സിഡിയിൽ അഞ്ച് ലക്ഷം രൂപ വരെ ലോൺ അനുവദിക്കും. സംസ്ഥാനതലത്തിൽ പത്തനംതിട്ടയിലാണ് സ്കിൽ അറ്റ് കോൾ പദ്ധതി പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്നത്.