കുവൈത്തില്‍ നിരോധിച്ച 'ലബൂബു' കളിപ്പാട്ടങ്ങള്‍ വ്യാജനാണെന്ന് ഔദ്യോഗിക വിതരണക്കാരായ പോപ് മാര്‍ട്ട്. കുട്ടികളുടെ സുരക്ഷയെക്കരുതി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കുവൈത്ത് ആവശ്യപ്പെട്ട ജനപ്രിയ 'ലബൂബു' കളിപ്പാട്ടങ്ങള്‍ വ്യാജമാണെന്ന് 'പോപ് മാര്‍ട്ട്' അറിയിച്ചു.
ലബൂബു കളിപ്പാട്ടങ്ങളുടെ ചില ഭാഗങ്ങള്‍ എളുപ്പത്തില്‍ വേര്‍പെട്ട് പോവുകയും അത് കുട്ടികളില്‍ ശ്വാസംമുട്ടലിന് സാധ്യതയുണ്ടാക്കുകയും ചെയ്യുമെന്ന നിര്‍മ്മാണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ ഉല്‍പ്പന്നം (TOY3378 Labubu) തിരിച്ചുവിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഉല്‍പ്പന്നം വാങ്ങിയവര്‍ക്ക് തിരികെ നല്‍കി പണം തിരികെ വാങ്ങാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാല്‍ പോപ് മാര്‍ട്ടിന്റെ വിശദീകരണം അനുസരിച്ച്, കുവൈത്ത് തിരിച്ചുവിളിച്ച TOY3378 എന്ന കോഡിലുള്ള ഉല്‍പ്പന്നം വ്യാജമാണ്. ഇത് യഥാര്‍ത്ഥ 'ലബൂബു' കളിപ്പാട്ടങ്ങള്‍ അല്ലെന്നും, തങ്ങള്‍ ഇത് നിര്‍മ്മിക്കുകയോ വില്‍ക്കാന്‍ അംഗീകാരം നല്‍കുകയോ ചെയ്തിട്ടില്ലെന്നും പോപ് മാര്‍ട്ട് വ്യക്തമാക്കി. തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്പനി എടുത്തുപറഞ്ഞു.