കണ്ണൂർ : എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ ആത്മഹത്യാ പ്രേരണാ കേസിൽ ഒന്നാം പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ് ക്കെതിരെ ആരോപണം മുറുകുന്നു. കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ കൈക്കൂലി ആരോപണമുന്നയിച്ച് പരസ്യമായി അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു.
കണ്ണൂർ മുൻ എഡിഎം നവീൻബാബുവിൻ്റെ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിന് മുൻപ് പി.പി ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു.
പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയാണെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. ഇതിനായി കണ്ണൂർ വിഷൻ ബ്യുറോ ചീഫ് മനോജ് മയ്യിലിനെ വിളിച്ചു പരിപാടി കവറേജ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ മനോജ് സ്ഥലത്തില്ലാത്തതിനാൽ രണ്ടു ക്യാമാറ മാൻമാരെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ അയച്ചു.
കണ്ണൂർ വിഷൻ മാത്രമേ പരിപാടി കവർ ചെയ്തിരുന്നുള്ളു. സാധാരണ പിആർ.ഡി റിപ്പോർട്ടർമാരും ക്യാമറാമാൻമാരും ഉണ്ടാകാറുണ്ടെങ്കിലും അപ്രധാന പരിപാടിയായതുകൊണ്ടു അവർ എത്തിയിരുന്നില്ല.ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും താൻവഴിയെ പോകുമ്പോൾ പരിപാടിക്കെത്തിയതെന്നായിരുന്നു ദിവ്യയുടെ പ്രസംഗം. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
പെട്രോൾ പമ്പ് അനുമതിക്കായി കെ.വി പ്രശാന്തിൽ നിന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ കാര്യം വിജിലൻസ് അന്വേഷണത്തിലും സ്ഥിരീകരിച്ചിരുന്നു. പിണറായി സർക്കാരിൻ്റെ കീഴിലുള്ള ലാൻഡ് റവന്യു കമ്മിഷണറുടെ റിപ്പോർട്ട് ദിവ്യയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്.
നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ വസ്തുതാപരമായി ശരിയാണന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും കണ്ണൂർ ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.
എന്നാൽ, അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും. മറ്റു ചില സമ്മർദങ്ങളുമുണ്ടായിരുന്നു. നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും.
സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി വ്യാജ കൈക്കൂലിആരോപണം ടിവി പ്രശാന്താണെന്നും എന്നാൽ അയാളെ പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബു ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപിക്കാനിരിക്കെയാണ് കേസിൽ പുതിയ വഴിത്തിരിവ്.