
ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം നേടിയ സൊഹ്റാന് മംദാനിയുടെ വിജയ പ്രസംഗത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണമെന്ന് ട്രംപ് പറഞ്ഞു. മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.
'അദ്ദേഹം അമേരിക്കയോട് കുറച്ച് ബഹുമാനം കാണിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വിജയിക്കാനുള്ള സാധ്യതയില്ലാതാകും. അദ്ദേഹത്തെ ജയിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം', ട്രംപ് പറഞ്ഞു. എന്നാല്‍ മംദാനി ജയിക്കണമെന്നല്ല, ന്യൂയോര്‍ക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് ഉടനെ വ്യക്തമാക്കി.
ദുരന്തം മാത്രമേ വിതച്ചുള്ളുവെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ആഗോളവാദികള്‍ക്കും ഒരു അവസരം ലഭിച്ചെന്നായിരുന്നു മംദാനിയുടെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും മിയാമിയിലെ അമേരിക്കന്‍ ബിസിനസ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ മംദാനി ട്രംപിനെ വിമര്‍ശിച്ചിരുന്നു. ട്രംപിനെ വളര്‍ത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേള്‍ക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. 'ട്രംപിനെ പോലുള്ള ശതകോടീശ്വരന്മാര്ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങള്‍ നില്ക്കും. തൊഴില്‍ സംരക്ഷണം വികസിപ്പിക്കും', മംദാനി പറഞ്ഞു.