ഭാര്യാസഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

04:06 PM Aug 29, 2025 | Renjini kannur

കണോജി: ഭാര്യയുടെ ഇളയ അനുജത്തിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇലക്‌ട്രിസിറ്റി ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.ആദ്യഭാര്യ മരിച്ചപ്പോള്‍ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ച രാജ് സക്സേനയെന്ന യുവാവാണ് ഭാര്യയുടെ ഇളയ അനുജത്തിയുമായുള്ള വിവാഹം നടത്താനായി ടവറിനു മുകളില്‍ കയറിയത്. ഉത്തർപ്രദേശിലെ കണോജിലാണ് സംഭവം. ഇലക്‌ട്രിസിറ്റി ടവറിനു മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 2021ലാണ് രാജ് സക്സേനയുടെ ആദ്യ വിവാഹം. ഒരു വർഷത്തിനു ശേഷം അസുഖം മൂലം ഭാര്യ മരിച്ചതോടെ ഭാര്യയുടെ സഹോദരിയെ രാജ് വിവാഹം കഴിച്ചു.

അതിനിടെ ഇളയ സഹോദരിയുമായും ഇയാള്‍ അടുപ്പത്തിലാകുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇളയ സഹോദരിയുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും രാജ് ഭാര്യയോട് പറഞ്ഞത്. ഭാര്യ ഇക്കാര്യം നിരസിച്ചതോടെയാണ് ഇലക്‌ട്രിസിറ്റി ടവറിനു മുകളിലേക്ക് കയറിയത്.

കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും രാജ് താഴെയിറങ്ങാൻ തയാറായില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തിയിട്ടും രാജ് വഴങ്ങിയില്ല. ഏഴു മണിക്കൂറിനു ശേഷം ഇളയ സഹോദരിയുമായുള്ള വിവാഹം നടത്താമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് രാജ് താഴെയിറങ്ങിയത്.

Trending :