മാനന്തവാടിയില്‍ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

06:19 AM Jan 25, 2025 | Suchithra Sivadas

വയനാട് മാനന്തവാടിയില്‍ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറങ്ങി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാന്‍ ശ്രമിക്കും. അത് പരാജയപ്പെട്ടല്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. 

സംസ്ഥാനത്ത് ഇതിന് മുന്‍പ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുന്‍പ് മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അതേസമയം, പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.