മുട്ട തീയൽ ഉണ്ടാക്കിയാലോ

02:28 PM Aug 25, 2025 | Kavya Ramachandran

മുട്ട തീയൽ ഉണ്ടാക്കിയാലോ ?


അവശ്യ ചേരുവകൾ

മുട്ട പുഴുങ്ങിയത് -4 എണ്ണം
ഉരുളക്കിഴങ്ങ് -3എണ്ണം
സവാള -3 എണ്ണം
തക്കാളി -2 എണ്ണം
പച്ചമുളക് -4 എണ്ണം
തേങ്ങാ ചിരകിയത് -1 1/2 കപ്പ്
മുളക് പൊടി -3 സ്പൂൺ
മല്ലിപ്പൊടി -2 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
പെരുംജീരകം -1 ടീസ്പൂൺ
കുരുമുളക് -1/2 ടീസ്പൂൺ
എണ്ണ -ആവശ്യത്തിന്
കടുക് -1/4 സ്പൂൺ
കറിവേപ്പില – ഒരു തണ്ട്

Trending :

തയാറാക്കുന്ന വിധം

തേങ്ങ ചിരകിയത് ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഇട്ട് ചുവന്നു വരുന്നത് വരെ വറുക്കുക. ഇനി തീ അൽപ്പം കുറച്ച് വച്ചതിനു ശേഷം അതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും, മഞ്ഞൾപൊടിയും പെരും ജീരകവും കുരുമുളകും ചേർക്കുക. ഇനി മസാലയുടെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇനി ഈ കൂട്ട് തണുത്ത ശേഷം അരച്ചെടുക്കാം. ഇനി ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി കടുക് പൊട്ടിക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കാം. ഉപ്പു ചേർക്കാനും മറക്കേണ്ട. ഇനി മൂടി വച്ച് വേവിക്കാം. വെന്തുവരുമ്പോൾ ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന അരപ്പും മുട്ട പുഴുങ്ങി ചെറിയ കഷ്ണങ്ങളായി മുറിച്ചതും ചേർത്തിളക്കാം. 10 മിനിറ്റ് അടച്ചു വേവിച്ചു ശേഷം ഗ്രേവി ഒന്ന് കുറുകുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർത്ത് വാങ്ങാം.