കൊല്ലം: 16 കോച്ചുകളുള്ള മെമു ട്രെയിനുകള്‍ ഇന്നു മുതല്‍ കേരളത്തില്‍ സർവീസ് ആരംഭിക്കുന്നു.നിലവില്‍ കേരളത്തില്‍ ഓടുന്ന മെമു ട്രെയിനുകളില്‍ എട്ട്, 12 കോച്ചുകള്‍ വീതമാണ് ഉള്ളത്. ഇതില്‍ 12 കോച്ചുകള്‍ ഉള്ളവയാണ് 16 കോച്ചുകളിലേക്ക് മാറുന്നത്. കൊല്ലം - ആലപ്പുഴ (66312), ആലപ്പുഴ - എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതല്‍ 16 കോച്ചുകളുമായി ഓടിത്തുടങ്ങുന്നത്.
ഷൊർണൂർ -കണ്ണൂർ (66324), കണ്ണൂർ -ഷൊർണൂർ (66323) എന്നീ സർവീസുകളില്‍ 24 മുതലും 16 കോച്ചുകള്‍ ഉണ്ടാകും. ഷൊർണൂർ - എറണാകുളം (66319), എറണാകുളം - ആലപ്പുഴ (66300), ആലപ്പുഴ - കൊല്ലം (66311) എന്നീ മെമുകള്‍ 25 മുതലും 16 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.