ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി ഖത്തര്‍. നംബിയോ പുറത്തിറക്കിയ 2025 ന്റെ ആദ്യ പാദത്തിലെ സുരക്ഷാ സൂചിക റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്കും ഏറ്റവും കൂടിയ സുരക്ഷാ മാനദണ്ഡങ്ങളും ഉള്ളത് ഖത്തറിലാണ്. നംബിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 84.6 ആണ് ഖത്തറിന്റെ സ്കോര്‍. 148 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സുരക്ഷാ സര്‍വേ.
ഒരു രാജ്യത്ത് ആളുകള്‍ക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് എത്രത്തോളമെന്നും നംബിയോയുടെ സുരക്ഷാ സൂചിക പരിശോധിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍, സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന സുരക്ഷാ സൗകര്യങ്ങള്‍, മോഷണം, ആക്രമണങ്ങള്‍, ഒറ്റയ്ക്ക് നടക്കുമ്പോള്‍ ആളുകള്‍ക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പരിഗണിക്കുന്നു. നംബിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തറില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്.
വീട്ടില്‍ അതിക്രമിച്ചു കയറല്‍, കാര്‍ മോഷണം, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ വലിയ ആശങ്കാകുലരല്ല. ജനങ്ങള്‍ക്ക് രാത്രിയും പകലും ഒരുപോലെ നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയുന്നു എന്നതാണ് ഖത്തറിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.