മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് സംവിധാനമായ സ്കൈപ്പ് സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു . ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സ്കൈപ്പ് മേയ് മാസത്തോടെ നിർത്തുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ് (മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത, ചില ആപ്പുകള്‍ ഒരുമിച്ച് ലഭ്യമാകുന്ന സംവിധാനം) അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്താല്‍ തുടര്‍ന്നും ചാറ്റും കോണ്ടാക്ടുകളും ലഭ്യമാകുമെന്ന് എക്സിലൂടെ മൈക്രോസോഫ്റ്റ് അറിയിച്ചു.
2003-ല്‍ പ്രവര്‍ത്തനം ആരംഭിച്ച് സ്കൈപ്പിനെ 2011-ലാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ പോലുള്ളവ പ്രചാരത്തില്‍ വന്നതോടെ സ്കൈപ്പിന്റെ ജനപ്രീതി കുറഞ്ഞു. 2017-ല്‍ മൈക്രോസോഫ്റ്റ് സ്കൈപ്പിന് ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫലംകണ്ടില്ല. സ്കൈപ്പിന്റെ എതിരാളികളായ സ്നാപ്പ്ചാറ്റിന് സമാനമായ മാറ്റങ്ങളാണ് അന്ന് കൊണ്ടുവന്നിരുന്നത്. 2021 ആയതോടെ സ്കൈപ്പ് അതിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ പടര്‍ന്നു.
സ്കൈപ്പിന്റെ അടച്ചുപൂട്ടല്‍ പ്രഖ്യാപനം വന്നതോടെ മൈക്രോസോഫ്റ്റ് കമ്പനിയുടെ കൊളാബറേറ്റീവ് ആപ്പ്സ് ആന്‍ഡ് പ്ലാറ്റ്ഫോംസ് പ്രസിഡന്റിന്റെ ചുമതല നിര്‍വഹിച്ചിരുന്ന ജെഫ് ടെപ്പറിന്റെ ഒരു ബ്ലോഗ് പോസ്റ്റും കമ്പനി പങ്കുവെച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് ടീംസിന് പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിയുണ്ടാവുക എന്ന് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 'മൈക്രോസോഫ്റ്റ് ടീംസിലൂടെ ഉപയോക്താകള്‍ക്ക് സ്കൈപ്പില്‍ അവര്‍ ഉപയോഗിച്ചിരുന്ന സേവനങ്ങള്‍ ലഭ്യമാകും. ഗ്രൂപ്പ് കോള്‍, വണ്‍ ഓണ്‍ വണ്‍ കോള്‍, മെസേജ്, ഫയല്‍ ഷെയറിങ് തുടങ്ങിയവ എല്ലാം ലഭ്യമാകും', ജെഫ് ടെപ്പര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
കോവിഡ് മഹാമാരിക്കിടയില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം വന്നതോടെ മൈക്രോസോഫറ്റ് ടീംസിന് വലിയ ജനപ്രീതിയുണ്ടാക്കാന്‍ സാധിച്ചതായും വിലയിരുത്തപ്പെടുന്നു.
സ്കൈപ്പിന്റെ ചില സേവനങ്ങള്‍ക്ക് പണം നല്‍കിയവര്‍ക്ക് അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപ്പ് സേവനം അവസാനിപ്പിക്കുന്നതോടെ രണ്ട് നിര്‍ദേശങ്ങളാണ് മൈക്രോസോഫ്റ്റ് ഉപയോക്താകള്‍ക്കായി മുന്നോട്ടുവെയ്ക്കുന്നത്. ഒന്ന് മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറുക, അല്ലെങ്കില്‍ സ്കൈപ്പ് ഡേറ്റ എല്ലാം എക്സ്പോര്‍ട്ട് ചെയ്ത് സൂക്ഷിക്കുക.