സംസ്ഥാന സര്‍ക്കാറിന്റെ വികസന സാക്ഷ്യമാകും വാര്‍ഷികാഘോഷവും പ്രദര്‍ശന മേളയും; മന്ത്രി എ.കെ ശശീന്ദ്രന്‍

01:25 PM Apr 19, 2025 | AVANI MV

കാസർ​ഗോഡ് : സംസ്ഥാന സര്‍ക്കാറിന്റെ വികസന സാക്ഷ്യമാകും വാര്‍ഷികാഘോഷവും പ്രദര്‍ശന മേളയുമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 21 മുതല്‍ 27 വരെ കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ വാര്‍ഷികാഘോഷങ്ങള്‍ ജനകീയ ഉത്സവമാക്കി മാറ്റണമെന്നും ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,കെ കൃഷ്ണന്‍കുട്ടി,എ കെ ശശീന്ദ്രന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍,എം രാജഗോപാലന്‍ എം എല്‍ എ,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി.രാജീവ്,  പി.എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍,  സജി ചെറിയാന്‍, ജെ ചിഞ്ചു റാണി,  ജി ആര്‍ അനില്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, ഒ.ആര്‍ കേളു,  വീണാ ജോര്‍ജ്, ആര്‍ ബിന്ദു,  വി അബ്ദുറഹ്‌മാന്‍, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍,സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്,എ കെ എം അഷ്‌റഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍,ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മനു,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ,പിലിക്കോട് ഡിവിഷന്‍ അംഗം എം ബി സുജാത,പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി,വാര്‍ഡ് മെമ്പര്‍ പി രേഷ്മ എന്നിവര്‍ സന്നിഹിതരാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ ചടങ്ങിന് നന്ദി അറിയിക്കും.

ഏപ്രില്‍ 21ന് രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍,ട്രേഡ് യൂണിയന്‍, തൊഴിലാളി പ്രതിനിധികള്‍,യുവജനത,വിദ്യാര്‍ത്ഥികള്‍,സാംസ്‌കാരിക,കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍,വ്യവസായികള്‍,പ്രവാസികള്‍ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍,സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യാഗം രാവിലെ 11ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രദര്‍ശന-വിപണന മേളയുടെ ഏകോപനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍വഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും.

2500 ചതുരശ്ര അടിയില്‍ ഐ ആന്റ് പിആര്‍ഡിയുടെ തീം പവലിയന്‍ ഒരുക്കും. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ ഫുഡ് കോര്‍ട്ടുകള്‍,കലാപരിപാടികള്‍,പുസ്തകമേള,കാര്‍ഷിക പ്രദര്‍ശനം,ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്‍സ്റ്റലഷന്‍ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാര്‍ട്ടപ്പ് മിഷന്‍,ടൂറിസം,കിഫ്ബി,സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് പവലിയനില്‍ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. കാരവന്‍ ടൂറിസം,മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി 73,923 സ്‌ക്വയര്‍ ഫീറ്റില്‍ വിപുലമായ പന്തലാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 45,940 സ്‌ക്വയര്‍ ഫീറ്റ് ഭാഗം എയര്‍ കണ്ടീഷന്‍ഡ് ആയിരിക്കും. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവിധതരത്തിലുള്ള പ്രദര്‍ശന പവലിയനുകളും സജ്ജീകരിക്കുന്നത്. കാര്‍ഷിക പ്രദര്‍ശനത്തിനും ഡോഗ് ഷോയ്ക്കും വേണ്ടി 6,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള നോണ്‍ എ.സി പന്തലുകള്‍ സജ്ജമാക്കും. കൂടാതെ 8,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ വലിയ വേദിയും ഒരുക്കും. മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഫുഡ് കോട്ടിന് 10,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുണ്ട്. 1610 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത ബയോ ടോയ്ലറ്റ്, കൂടാതെ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ചില്‍ഡ്രന്‍സ് സോണും ഒരുങ്ങും.

എല്ലാ ദിവസങ്ങളിലും വൈകീട്ട് ആറ് മുതല്‍ പത്ത് വരെ കലാപരിപാടികള്‍ സംഘടിപ്പിക്കും. പ്രാദേശിക കലാകാരന്‍മാരും മറ്റ് പ്രൊഫഷല്‍ സംഘങ്ങളും കലാപ്രകടനങ്ങളുമായി വേദിയിലെത്തും. ഉദ്ഘാടന ദിവസം വൈകീട്ട് രാത്രി എട്ട് മുതല്‍ പത്ത് വരെ പ്രമുഖ മ്യൂസിക്ക് ബാന്റായ ആല്‍മരത്തിന്റെ അവതരണം നടക്കും. ഏപ്രില്‍ 22ന് ഗോത്രകലകള്‍ അരങ്ങേറും. മരണ മൊഴി ഏകാംഗ നാടകവും രണ്ട്് പെണ്ണുങ്ങള്‍ നാടകത്തിന്റെ ആദ്യ അവതരണവും ജ്വാലാമുഖി നൃത്ത ശില്‍പവും അരങ്ങേറും.  ഏപ്രില്‍ 23ന് ജീവനക്കാരുടെ കലാപരിപാടി സംഗീത സായാഹ്നം, നവധ്വനി ഡാന്‍സ് ക്ലബ്ബ് ഒരുക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, എക്സൈസ് വകുപ്പിന്റെ നാടകം കുടമാറ്റം, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പരിപാടി റിഥം എന്നിവ അരങ്ങേറും. ഗസല്‍ തേന്‍മഴ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ പാടുന്നു. തുടര്‍ന്ന്  ദേശകം പ്രാദേശിക കലാകാരന്‍മാരുടെ പരിപാടിയും നടക്കും.  ഏപ്രില്‍ 24ന് പ്രശസ്ത ചലചിത്ര പിന്നണി ഗായകന്‍ കല്ലറ ഗോപന്‍ നയിക്കുന്ന മധുര ഗീതങ്ങള്‍ ഗാനമേള, കലാമണ്ഡലം സ്വരചന്ദും സംഘവും നടത്തുന്ന കഥകളി എന്നിവ അരങ്ങേറും. ഏപ്രില്‍ 25ന് യുവജനക്ഷേമ ബോര്‍ഡ് അവതരിപ്പിക്കുന്ന മാര്‍ഗ്ഗം കളി, വനിതാ ശിശു വികസന വകുപ്പ് അവതരിപ്പിക്കുന്ന യക്ഷഗാവനും അങ്കണവാടി കുട്ടികളുടെ പരിപാടികളും നടക്കും. തുടര്‍ന്ന് സുഭാഷ് അറുകര, സുരേഷ് പള്ളിപ്പാറ എന്നിവര്‍ നയിക്കുന്ന നാടന്‍പാട്ട്്, കണ്ണൂര്‍ യുവകലാസാഹിതിയുടെ ആയഞ്ചേരി വല്യശ്മാനന്‍ നാടകവും അരങ്ങേറും. ഏപ്രില്‍ 26ന് പൂരക്കളി, മോഹിനിയാട്ടം, പട്ടുറുമാല്‍ ഫെയിം കുഞ്ഞുഭായ് പടന്നയുടെ ഇശല്‍രാവ് തുടര്‍ന്ന് കുടുംബശ്രീ കലാസന്ധ്യ എന്നിവ നടക്കും. ഏപ്രില്‍ 27ന് സമാപന ദിവസം സീനിയര്‍ സിറ്റിസണ്‍സ് ഗ്രൂപ്പ് ഡാന്‍സ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിപാടി, ഫ്യൂഷന്‍ ഡാന്‍സ്, തൃശ്ശൂര്‍ കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവ അരങ്ങേറും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ്. വിവിധ വിഭാഗക്കാര്‍ക്ക് ക്വിസ് മത്സരം, ഉപന്യാസ മത്സരം, റീല്‍സ്, ഫോട്ടോഗ്രാഫി മത്സരങ്ങള്‍, കാസര്‍കോട് അറ്റ് 40 സെമിനാര്‍, സംരംഭക സംഗമം, കാസര്‍കോടിന്റെ സാഹിത്യ ചരിത്രം, കാസര്‍കോടിന്റെ തുളു സംസ്‌ക്കാരം പ്രഭാഷണങ്ങള്‍, ജീവനക്കാര്‍ക്ക് സൗഹൃദ ക്രിക്കറ്റ് മത്സരം, മാധ്യമപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ഫുട്ബോള്‍ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. മണ്ഡലം തിരിച്ചും വിവിധ പ്രായത്തില്‍ പെട്ടവരെയും വിവിധ മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 20ന് കാലിക്കടവില്‍ നിന്നും തൃക്കരിപ്പൂരിലേക്ക് സൈക്കിള്‍ റാലി സംഘടിപ്പിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.

പത്ര സമ്മേളനത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, എ.ഡി.എം പി.അഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.