തിരുവനന്തപുരം: കേരളത്തിൻറെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൻറെ നേതൃത്വത്തിൽ ഉന്നതതല വ്യവസായ സെമിനാർ സംഘടിപ്പിക്കുന്നു. കഴക്കൂട്ടം അൽ സാജ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന 'വിഷൻ - കേരളം 2031' സെമിനാർ വ്യവസായ, നിയമ, കയർ മന്ത്രി പി. രാജീവ് വ്യാഴാഴ്ച (ഒക്ടോബർ 23) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ബിപിസിഎൽസി എംഡി സഞ്ജയ് ഖന്ന സന്നിഹിതനാകും.
കഴിഞ്ഞ പത്ത് വർഷത്തെ വ്യവസായ വകുപ്പിൻറെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണം വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നടത്തും. വ്യാവസായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, എംഎസ്എംഇ കൾ, വ്യാവസായിക മേഖലയിലെ വൈവിധ്യവത്ക്കരണം എന്നിവയിൽ കേരളത്തിൻറെ പുരോഗതി ചിത്രീകരിക്കുന്ന അവതരണം സെമിനാറിനെ ശ്രദ്ധേയമാക്കും. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് .പി സ്വാഗത പ്രസംഗകനാകും.
സെമിനാറിൽ നിന്നുള്ള പ്രധാന ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും സമന്വയിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, നിയമ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും.
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി), ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻറ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്), കിൻഫ്ര എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. 2031 ഓടെ കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാറുകളുടെ ഭാഗമായാണ് 'വിഷൻ - കേരളം 2031' സെമിനാർ.
കേരളത്തിൻറെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ പുരോഗതിയും ഭാവിസാധ്യതകളും മുന്നിൽക്കണ്ട് വ്യാവസായിക ദർശനം രൂപപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിൻറെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് സെമിനാർ. പാരിസ്ഥിതിക ഉത്തരവാദിത്തവും സാമൂഹിക തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം വ്യാവസായിക വളർച്ച നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ രൂപപ്പെടുത്തുന്നതിന് നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള ഉൾക്കാഴ്ചകൾ ഏകീകരിക്കാൻ സെമിനാറിലൂടെ സാധിക്കും.
'ഉത്തരവാദിത്തപരമായ വളർച്ചയ്ക്കും നവീകരണത്തിനുമുള്ള റോഡ് മാപ്പ്' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കെയ്ൻസ് ടെക്നോളജീസ് സിഇഒ രമേശ് കണ്ണൻ, വെസ്റ്റേൺ ഇന്ത്യ എം ഡി മായൻ മുഹമ്മദ്, അദാനി വിഴിഞ്ഞം പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമൻ, ഡെൻറ് കെയർ ഡെൻറൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ജോൺ കുര്യാക്കോസ്, നെസ്റ്റ് ഡിജിറ്റൽ സിഇഒ നസ്നീൻ ജഹാംഗീർ എന്നിവർ സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മോഡറേറ്ററാകും.
'പൊതുമേഖലാ സ്ഥാപനങ്ങൾ 2.0 - കേരളത്തിൻറെ വ്യാവസായിക കുതിപ്പിന് ശക്തി പകരുന്നു' എന്ന വിഷയത്തിൽ വിഎസ്എസ് സി ഡയറക്ടർ എ. രാജരാജൻ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ കെ, കെൽട്രോൺ എംഡി വൈസ് അഡ്മിറൽ (റിട്ട) ശ്രീകുമാർ നായർ എന്നിവർ കാഴ്ചപ്പാടുകൾ പങ്കിടും. വ്യവസായ വകുപ്പ് ഒഎസ് ഡി ആനി ജൂല തോമസ് മോഡറേറ്ററാകും.
'ലെഗസി ഇൻഡസ്ട്രീസ്, ന്യൂ വാല്യൂ ചെയിനുകൾ 2031' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ വെസ്റ്റേൺ ഇന്ത്യ കാഷ്യു പ്രസിഡൻറ് ഹരികൃഷ്ണൻ നായർ, ട്രാവൻകൂർ കൊക്കോടഫ്റ്റ് എംഡി മഹാദേവൻ പി, കേരള കശുവണ്ടി ബോർഡ് സിഎംഡി എ. അലക്സാണ്ടർ ഐഎഎസ് (റിട്ട), കേരള കാർഷിക സർവകലാശാലയിലെ (കെഎയു) പ്രൊഫസറും ഐപിആർ ലീഡറുമായ ഡോ. സി.ആർ. എൽസി, ഉറവ് തദ്ദേശീയ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം സിഇഒ ടോണി പോൾ എന്നിവർ സംസാരിക്കും. കൈത്തറി വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. കൃപ കുമാർ മോഡറേറ്ററാകും.
'കേരളത്തിൻറെ വ്യാവസായിക ഭാവിക്കായി എംഎസ്എംഇകൾ' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ചെയർമാൻ വി. കെ. സി. റസാക്ക്, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ പ്രസിഡൻറ് എ. നിസാറുദ്ദീൻ, കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ ചെയർമാൻ റോയ് പീറ്റർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് അപ്സര രാജു, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഇ.എസ്. ബിജു തുടങ്ങിയവർ സംസാരിക്കും. കെഎസ്ഐഡിസി ഇഡി ഹരികൃഷ്ണൻ .ആർ മോഡറേറ്ററാകും.
കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായ കേന്ദ്രമായി സ്ഥാപിക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴിൽ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയിൽ ചർച്ചകൾ നടക്കും. മികച്ച നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോളതലത്തിൽ മത്സരാധിഷ്ഠിത വ്യവസായങ്ങൾ വളർത്തിയെടുക്കുക, അടിസ്ഥാന സൗകര്യങ്ങൾ, നയങ്ങൾ തുടങ്ങിയവ പ്രയോജനപ്രദമാക്കുക എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളുമുണ്ടാകും. പൊതുമേഖലാ സംരംഭങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം പരമ്പരാഗത മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്ക് സെമിനാർ വേദിയാകും. ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള എംഎസ്എംഇകളുടെ മാറ്റം, ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള വ്യവസായ സംരംഭങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന സെഷനുകളുമുണ്ടാകും.കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് .പി നന്ദി പ്രകാശിപ്പിക്കും.