
തിരുവനന്തപുരം: രാജ്യവ്യാപകമായി വോട്ടര്‍പട്ടികയില്‍ കൃത്രിമംകാട്ടി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ജനാധിപത്യ അട്ടിമറിക്ക് ഇലക്ഷന്‍ കമ്മീഷനെ ഉപകരണമാക്കുകയാണ്. ബിജെപി കേന്ദ്രം ഭരിക്കുന്നത് വ്യാജവോട്ടുകളുടെ ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ജനാധിപത്യ അട്ടിമറിക്ക് ഇലക്ഷന്‍ കമ്മീഷന്‍ മോദിയുടെ ഉപകരണമായി അധപതിച്ചിരിക്കുകയാണ്. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. 25 ലക്ഷം വോട്ടുകളാണ് ഹരിയാനയില്‍ വ്യാജമായി ചേര്‍ത്തിരിക്കുന്നത്. ഒരു മേല്‍വിലാസത്തില്‍ 501 വോട്ടര്‍മാര്‍. 3.5 ലക്ഷം കോണ്‍ഗ്രസ് വോട്ടുകള്‍ വെട്ടിക്കളഞ്ഞു.
കര്‍ണ്ണാടകത്തിലെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമത്വത്തില്‍ നിന്നാണ് ആരോപണ പരമ്പര ആരംഭിച്ചത്. മാധവപുര മണ്ഡലത്തില്‍ ഒരു ലക്ഷം വോട്ടുകളിലാണ് കൃത്രിമം കണ്ടെത്തിയത്. 80 വോട്ടര്‍മാര്‍ വരെ ഒരു വിലാസത്തില്‍. അസംബന്ധ കൃത്രിമ പേരുകളില്‍ വോട്ടര്‍മാര്‍. തെറ്റായ ഫോട്ടോകള്‍.
മഹാരാഷ്ട്രയില്‍ 39 ലക്ഷം പുതിയ വോട്ടര്‍മാരാണ് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചത്. ഒരേ പേരില്‍ പല വോട്ടുകള്‍. ഒരേ വിലാസത്തില്‍ പല വോട്ടുകള്‍.
ബീഹാറില്‍ SIR ഉപയോഗിച്ച് 65 ലക്ഷം വോട്ടുകളാണ് 2025 ജൂണ്‍, ജൂലൈ മാസങ്ങളില്‍ നീക്കം ചെയ്തത്. അതോടൊപ്പം വ്യാജവോട്ടുകള്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിംങ്ങളായ വോട്ടര്‍മാരെ പലയിടത്തും കൂട്ടത്തോടെ നീക്കം ചെയ്തു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ മാര്‍ജിനേക്കാള്‍ 24 സീറ്റുകളില്‍ നീക്കം ചെയ്തവരുടെ എണ്ണം വരും.
പശ്ചിമ ബംഗാളില്‍ 2002-ലെ വോട്ടേഴ്‌സ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് SIR. മുസ്ലിംങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് അനുകൂലമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയും ചെയ്തു.
മദ്ധ്യപ്രദേശില്‍ 16 ലക്ഷം പുതിയ വോട്ടുകള്‍ 2023 ആഗസ്റ്റ് - ഒക്ടോബര്‍ മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ 2021-ലെ തെരഞ്ഞെടുപ്പിനു മുന്നേ 13000 വോട്ടര്‍മാരെ റ്റി നഗര്‍ മണ്ഡലത്തില്‍ നിന്നും നീക്കം ചെയ്തു.
ഡല്‍ഹിയില്‍ ആയിരക്കണക്കിന് ആപ്പ് വോട്ടര്‍മാരെ 2025-ലെ തെരഞ്ഞെടുപ്പിനു മുമ്പ് നീക്കം ചെയ്തു.
കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് വേളയിലാണ് SIR-മായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറങ്ങിയിരിക്കുന്നത്. രണ്ടിടത്തും പ്രവര്‍ത്തിക്കേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ് എന്നുള്ളതുകൊണ്ട് കേരളത്തിലെ SIR മാറ്റിവയ്ക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇതേ കാരണം പറഞ്ഞു മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ആസാമിലും 2026 ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഇതനുസരിച്ചു ആസാമിലെ SIR നടപ്പാക്കല്‍ മാറ്റിവെച്ചു. എന്നാല്‍ കേരളത്തില്‍ ഈ ഇളവ് അനുവദിക്കുവാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറല്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ SIR അടക്കം മറ്റു ചുമതലകള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലായെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ ഉത്തരവിട്ടതോടെ ആകെ ആശയക്കുഴപ്പമാണ്. എന്തിനു വേണ്ടിയാണ് SIR ഇപ്പോള്‍ തന്നെ നടത്തണമെന്ന് ശഠിക്കുന്നത്? ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ടികളും 2002-നെ അടിസ്ഥാനമാക്കിയുള്ള SIR-നെ എതിര്‍ക്കുന്നു. ഇതാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം. നമ്മള്‍ സുപ്രിം കോടതിയിലേക്കു പോവുകയാണ്.
ഇന്ത്യാ ബ്ലോക്ക് ദേശീയാടിസ്ഥാനത്തില്‍ SIR സംബന്ധിച്ച് ഒരു പൊതുനിലപാട് സ്വീകരിക്കണം. പ്രക്ഷോഭം വേണം. ബിജെപി ഇന്ന് കേന്ദ്രം ഭരിക്കുന്നത് വ്യാജവോട്ടുകളുടെ ബലത്തിലാണ്. 25 സീറ്റുകളിലെ ഫലം വ്യത്യസ്തമായിരുന്നെങ്കില്‍ മോദി ഇന്ന് പ്രധാനമന്ത്രി അല്ല. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ബിജെപി ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കണം.