+

ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ പേനവിറ്റ് ഉപജീവനം തുടങ്ങിയ ടിവി താരം, ഇന്ന് നാല് വീടുകള്‍ സ്വന്തം, മാസം 24 ലക്ഷം രൂപ സമ്പാദിക്കുന്നു

പേന വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോയ ഒരു ടിവി താരത്തിന്റെ വിജയഗാഥയാണ് ഇന്ന് ബോളിവുഡിന്റെ മനസ്സ് കീഴടക്കുന്നത്.

മുംബൈ: പേന വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോയ ഒരു ടിവി താരത്തിന്റെ വിജയഗാഥയാണ് ഇന്ന് ബോളിവുഡിന്റെ മനസ്സ് കീഴടക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലെത്തി, തന്റെ ആദ്യ ജോലിയില്‍ വെറും 95 രൂപ സമ്പാദിച്ച യോഗേഷ് ത്രിപാഠി ഇന്ന് 'ഹപ്പു കി ഉള്‍ട്ടന്‍ പള്‍ട്ടന്‍' എന്ന ജനപ്രിയ പരമ്പരയിലെ നായകനാണ്. മാസം 24 ലക്ഷം രൂപ സമ്പാദിക്കുന്ന ഈ നടന്‍, മുംബൈയില്‍ നാല് ഫ്‌ലാറ്റുകളുടെ ഉടമയുമാണ്.

'ഭാബിജി ഘര്‍ പര്‍ ഹേ' എന്ന ഷോയിലൂടെ പ്രശസ്തനായ യോഗേഷ്, പിന്നീട് 'ഹപ്പു കി ഉള്‍ട്ടന്‍ പള്‍ട്ടന്‍' എന്ന സ്വന്തം ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. സിദ്ധാര്‍ത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലില്‍ അടുത്തിടെ നടന്ന അഭിമുഖത്തില്‍, മുംബൈയിലെ തന്റെ തുടക്കകാല ജീവിതത്തെക്കുറിച്ച് യോഗേഷ് തുറന്നുപറഞ്ഞു. തന്റെ ആദ്യ ജോലി ഒരു റെയില്‍വേയുമായി ബന്ധപ്പെട്ടായിരുന്നു. അന്ന്, ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ വാഷ്‌ബേസിന് അടുത്ത് നിന്ന് 18 മണിക്കൂര്‍ യാത്ര ചെയ്താണ് ഝാന്‍സിയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയത്.

ഇപ്പോള്‍ തനിക്ക് ഒരു ദിവസത്തെ ഷൂട്ടിന് 60,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്ന് യോഗേഷ് പറയുന്നു. 'ഭാബിജി ഘര്‍ പര്‍ ഹേ', 'ഹപ്പു കി ഉള്‍ട്ടന്‍ പള്‍ട്ടന്‍' എന്നീ രണ്ട് ഷോകളിലും ചില ദിവസങ്ങളില്‍ ഒരുമിച്ച് ഷൂട്ട് ചെയ്യുന്നതിനാല്‍, മാസം 40 ഷിഫ്റ്റുകള്‍ വരെ ലഭിക്കാറുണ്ട്. ഇതിലൂടെ 24 ലക്ഷം രൂപയാണ് യോഗേഷ് സമ്പാദിക്കുന്നത്. 

മുംബൈയില്‍ ആദ്യമായി എത്തിയപ്പോള്‍, ചത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്ടി) തുടര്‍ച്ചയായി നാല് രാത്രികള്‍ ചെലവഴിച്ച യോഗേഷ്, തനിക്ക് നാല് വീടുകള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. ആ സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാക്കി. ഈ നാല് ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ തനിക്ക് ഒരിക്കലും വായ്പ എടുക്കേണ്ടി വന്നിട്ടില്ലെന്നും, എല്ലാം സ്വന്തം സമ്പാദ്യത്തില്‍ നിന്നാണെന്നും യോഗേഷ് അഭിമാനത്തോടെ പറയുന്നു.

20 വര്‍ഷത്തോളം മുംബൈയില്‍ തന്റെ സ്വപ്നങ്ങള്‍ക്കായി പോരാടിയ യോഗേഷിന്റെ ജീവിതം, കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് വിജയം കൈവരിക്കാമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.

Trending :
facebook twitter