ധനുവച്ചപുരത്ത് റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് 75കാരിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇന്ന് സെലീനാമ്മയുടെ കല്ലറ തുറന്നു പരിശോധിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു.
ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാല്‍ സംസ്‌കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകന്‍ ഈ വിവരങ്ങള്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് മകന്‍ രാജു പാറശ്ശാല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ജനുവരി പതിനേഴിനായിരുന്നു ധനുവച്ചപുരം സ്വദേശിനിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്.
എന്നാല്‍ മൃതദേഹം കുളിപ്പിച്ചപ്പോള്‍ കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും മുറിവും ചതവും കണ്ടെത്തുകയായിരുന്നു.ഇതിന് ശേഷം മുറി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടുകയായിരുന്നു.