നാളെ ദേശീയ പണിമുടക്ക്, സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം പണിമുടക്കില്‍ ഭാഗമാകും; 10 തൊഴിലാളി സംഘടനകള്‍ ഭാഗമാകും

06:27 AM Jul 08, 2025 | Suchithra Sivadas

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. ഇതില്‍ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബര്‍ കോഡ് നിലവില്‍ വന്നാല്‍ ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ തൊഴില്‍ മേഖലയില്‍ കുറയും.


വ്യവസായ സൗഹൃദ നയത്തിന്റെ പേരില്‍ ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കേന്ദ്ര സര്‍ക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്. കൂടാതെ എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ - വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് തപാല്‍ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ ഭാഗമാകും. പാല്‍ ആശുപത്രി അടക്കമുള്ള അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.