ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് നക്സലുകളുടെ മൃതദേഹം കൂടി കണ്ടെടുത്തു ​; കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി

01:35 PM Dec 05, 2025 | Neha Nair

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപുരിൽ ബുധനാഴ്ച സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് നക്സലുകളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ, കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം 18 ആയി. വ്യാഴാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.

തിരച്ചിൽ തുടരുകയാണെന്ന് ഐ.ജി പി. സുന്ദർരാജ് പറഞ്ഞു. ഏറ്റുമുട്ടലിൽ പൊലീസിന്റെ ഭാഗമായ ജില്ല റിസർവ് ഗാർഡിലെ (ഡി.ആർ.ജി) മൂന്നുപേരും കൊല്ലപ്പെട്ടിരുന്നു. ബിജാപൂർ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലെ വനത്തിലാണ് 12 മണിക്കൂറോളം നീണ്ട വെടിവെപ്പുണ്ടായത്.

ഡി.ആർ.ജിയുടെയും പ്രത്യേക ദൗത്യസംഘത്തിന്റെയും പൊലീസിന്റെയും കോബ്ര ടീമിന്റെയും (സി.ആർ.പി.എഫിലെ പ്രത്യേക കമാൻഡോ വിഭാഗം) നേതൃത്വത്തിലായിരുന്നു സംയുക്ത ഓപറേഷൻ. കോൺസ്റ്റബ്ൾമാരായ മോനു വദാദി, ദുകാറു ഗോണ്ടെ, രമേശ് സോദി എന്നിവരാണ് കൊല്ലപ്പെട്ട പൊലീസുകാർ. കൊല്ലപ്പെട്ട നക്സലുകളിൽ ഒരാൾ മൊദിയാമി വെല്ലയാണെന്ന് തിരിച്ചറിഞ്ഞു.