
ഇസ്രയേലില്‍ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാര്‍ട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നല്‍കിയത്. മതവിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്. നിര്‍ബന്ധിത സൈനിക സേവനത്തില്‍ നല്‍കിയിരുന്ന ഇളവ് അവസാനിപ്പിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് സൈനിക നയത്തില്‍ പ്രതിഷേധിച്ചാണ് ഏഴ് അംഗങ്ങളില്‍ ആറ് പേരും രാജിക്കത്ത് നല്‍കിയത്.
മറ്റൊരു തീവ്ര യാഥാസ്ഥിതിക പാര്‍ട്ടിയായ ഷാസും സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കില്‍ നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ നഷ്ടമാകും. 48 മണിക്കൂര്‍ സമയമാണ് ഈ പാര്‍ട്ടികള്‍ തീരുമാനം പുനപരിശോധിക്കാന്‍ നെതന്യാഹുവിന് നല്‍കിയിരിക്കുന്നത്. മത വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന ഇളവ് പുനപരിശോധിക്കാന്‍ നേരത്തെ ഇസ്രയേല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നെതന്യാഹുവിന്റെ പാര്‍ട്ടിയും എല്ലാ ഇസ്രയേലികള്‍ക്കും നിര്‍ബന്ധ സൈനിക സേവനം വേണമെന്ന നിലപാടിലാണ്.