റാഞ്ചി: മരിച്ചുപോയ നവജാത ശിശുവിനെ സ്വകാര്യ ആശുപത്രി അധികൃതർ ദിവസങ്ങളോളം വെന്റിലേറ്ററിൽ സൂക്ഷിച്ചതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം . സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 4നാണ് കുഞ്ഞ് ജനിക്കുന്നത്. റാഞ്ചിയിലെ സാദർ ആശുപത്രിയിൽ ജനിച്ച കുട്ടിയെ ജൂലൈ 8ന് ഓക്സിജൻ കുറവ് മൂലമാണ് ലിറ്റിൽ ഹാർട്ട് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
ആരോപണം മൂന്നംഗ സംഘം അന്വേഷിക്കുമെന്നാണ് റാഞ്ചി ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജാൻട്രി ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കുട്ടി മരിച്ച ശേഷവും മൃതജേഹം വെന്റിലേറ്ററിൽ വച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരായിരുന്നു കുട്ടിയുടെ മാതാപിതാക്കളെന്നും പരാതി വിശദമാക്കുന്നത്. എന്നാൽ മാതാപിതാക്കളുടെ ആരോപണം ആശുപത്രി നിഷേധിച്ചു.
ആശുപത്രിയുടെ എതിർപ്പ് വകവയ്ക്കാതെ കുട്ടിയെ നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്ത് കൊണ്ടുപോകുന്ന സമയം വരെ കുഞ്ഞിന് ജീവനുണ്ടായതാണ് ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആശുപത്രിയിൽ നിന്നുള്ള ഡോ. സത്യജീത് കുമാർ വിശദമാക്കുന്നത്. കുട്ടി മരിച്ച വിവരം മറച്ചുവച്ചതായും മൃതദേഹം വെന്റിലേറ്ററിൽ വച്ചതായുള്ള ആരോപണവും ആശുപത്രി അധികൃതർ തള്ളിക്കളഞ്ഞു. മെഡിക്കൽ മോണിട്ടറിന്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം ലഭ്യമാണെന്ന് ആശുപത്രി ജീവനക്കാർ വിശദമാക്കുന്നത്. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയത് ജീവനോടെയെന്നുമാണ് ആശുപത്രി വാദിക്കുന്നത്.
ഓട്ടോ റിക്ഷാ ഡ്രൈവറായ മുകേഷ് സിംഗിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 10 മിനിട്ട് പോലും കുഞ്ഞിനെ കാണിക്കാൻ അനുവദിച്ചില്ലെന്നാണ് മുകേഷ് സിംഗ് ദി ഇന്ത്യൻ എക്സപ്രസിനോട് പ്രതികരിച്ചത്. 3 ലക്ഷം രൂപയോളം ഇതിനോടകം കുഞ്ഞിന്റെ ചികിത്സയ്ക്കായി ചെലവിട്ടതായാണ് മുകേഷ് സിംഗ് വിശദമാക്കുന്നത്. ജൂലൈ 12 നിരവധി തവണ നിർബന്ധിച്ചതിന് ശേഷമാണ് ആശുപത്രി അധികൃതർ കുഞ്ഞ് ജീവിച്ചിരിക്കുന്നതായുള്ള വീഡിയോ അയച്ച് നൽകിയതെന്നും മുകേഷ് സിംഗ് പറയുന്നു. മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷവും ഇതേ വീഡിയോ തന്നെ അയച്ച് നൽകിയതോടെയാണ് സംശയം തോന്നിയതെന്നും മുകേഷ് സിംഗ് പറയുന്നത്. വെന്റിലേറ്ററിൽ കയറി കുഞ്ഞിന്റെ അവസ്ഥ ബോധ്യപ്പെടാൻ ഒരു തവണ പോലും ആശുപത്രി ജീവനക്കാർ അനുവദിച്ചില്ല. മകനെ കാണണമെന്ന് നിബന്ധം പിടിക്കുമ്പോൾ റെക്കോർഡ് ചെയ്തിരുന്ന വീഡിയോ അയച്ച് തരിക മാത്രമാണ് ചെയ്തിരുന്നത്. ദുർഗന്ധത്തോടെയാണ് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി ജീവനക്കാർ കുഞ്ഞിനെ കൈമാറിയതെന്നും മുകേഷ് സിംഗ് ആരോപിക്കുന്നത്.
എന്നാൽ കുഞ്ഞിനെ രജിസ്ട്രേഷൻ പണം അടക്കുന്നതിന് മുൻപ് തന്നെ രോഗാവസ്ഥ കണക്കിലെടുത്ത് അഡ്മിറ്റ് ചെയ്തതായാണ് ആശുപത്രി വിശദമാക്കുന്നത്. ഹൃദയമിടിപ്പും അനക്കവും ഓക്സിജൻ സാച്ചുറേഷൻ അടക്കമുള്ളവ കുട്ടിയിൽ ജൂലൈ 30ന് കൈമാറുമ്പോൾ വരെയുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദമാക്കുന്നത്. കുട്ടിയെ കൊണ്ടുപോകുന്നതിന്റെ പ്രത്യാഘാതങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ അത് അവഗണിച്ചുവെന്നും ആശുപത്രി അധികൃതർ വിശദമാക്കുന്നത്.