
ഹേമചന്ദ്രൻ കൊലപാതകത്തിലെ മുഖ്യ പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി. ഇൻഡിഗോ വിമാനത്തിലാണ് നൗഷാദ് എത്തിയത്. നിലവിൽ എമിഗ്രേഷൻ കസ്റ്റഡിയിൽ തുടരുകയാണ് പ്രതി. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൊലീസ് എത്തിയാൽ ഉടൻ തന്നെ നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങും.
ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.എന്നാൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ മർദ്ദനമേറ്റ് ശ്വാസം മുട്ടിയാണ് മരണം എന്നാണ് കണ്ടെത്തൽ. നൗഷാദിനെ ചോദ്യം ചെയ്തശേഷമാകും നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.
കേസിൽ രണ്ട് സ്ത്രീകൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കേസിൽ ഇവരുടെ പങ്ക് എന്താണെന്നുള്ളതും നൗഷാദിൽ നിന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഹേമചന്ദ്രൻ്റെ ഡിഎൻഎ പരിശോധനാഫലം ഉടൻ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പരിശോധനാ ഫലം ലഭിച്ചശേഷം മാത്രമെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകൂ