
കൊച്ചി: ഒമാൻ സ്വദേശികൾ ഉൾപ്പെട്ട തട്ടിക്കൊണ്ടുപോകൽ ആരോപണത്തിൽ വ്യക്തതയുമായി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതല്ലെന്നും ഒമാൻ സ്വദേശികൾ മിഠായി നൽകിയപ്പോൾ കുട്ടികൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കേസിൽ വ്യക്തത വന്നതോടെ പരാതിയില്ലെന്ന് കുട്ടികളുടെ കുടുംബം പോലീസിനെ അറിയിച്ചു. ഇതോടെ കസ്റ്റഡിയിലായിരുന്ന ഒമാൻ സ്വദേശികളായ കുടുംബത്തെ വിട്ടയച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവർ വാങ്ങാൻ കൂട്ടാക്കാത്തത് മൂലം ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മൂന്ന് ഒമാൻ സ്വദേശികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയായിരുന്നു.