പാലക്കാട് 21 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

04:20 PM Mar 01, 2025 | AVANI MV

പാലക്കാട്: വടക്കഞ്ചേരി കനാല്‍ റോഡ് സൈഡില്‍ രണ്ട് ചാക്കുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 21 കിലോ കഞ്ചാവ് വടക്കഞ്ചേരി പോലീസ് കണ്ടെടുത്തു. അണക്കപ്പാറ വഴുവക്കോട് കനാല്‍ റോഡ് വശത്ത് ആണ് രണ്ട് പ്ലാസ്റ്റിക് ചാക്കുകളില്‍ 9 പൊതികളിലായി കഞ്ചാവ് കണ്ടെത്തിയത്.

 റോഡ് വശത്തുള്ള ഒരു പാറക്കെട്ടിന്റെ മറവിലാണ് ചാക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. വടക്കഞ്ചേരി എസ്.ഐ. മധു ബാലകൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കനാല്‍ റോഡിന്റെ വശങ്ങളില്‍ തെരച്ചില്‍ നടത്തിയത്. കഞ്ചാവ് ചാക്കുകള്‍ ഉപേക്ഷിച്ചതിനു പിന്നില്‍ ആരെയും കണ്ടെത്തിയിട്ടില്ല.
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവ് പൊതികള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കനാല്‍ റോഡിന്റെ വശങ്ങളില്‍ സാധാരണ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി കൊണ്ടുവന്ന് വലിച്ചെറിയുന്നത് പതിവുള്ള മേഖലയാണ്. ഇത്തരത്തില്‍ നാലുദിവസം മുമ്പ് ഒരു ചാക്ക് കെട്ട് ഇന്നലെ കഞ്ചാവ് ചാക്കുകള്‍ കിട്ടിയതിന് സമീപത്തു തന്നെ കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

 പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ ചാക്ക് കെട്ട് അവിടെ നിന്നും കാണാതാവുകയും ചെയ്തു. ഈ മേഖല കഞ്ചാവ് കൈമാറുന്ന മേഖലയായി മാറുന്നതായി സംശയിക്കുന്നു. ഈ സമീപപ്രദേശത്തു നിന്നും നേരത്തെ കഞ്ചാവ് വില്പന നടത്തിയിരുന്നവരെ പിടികൂടിയിട്ടുള്ളതാണ്.