പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവിനെ കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിജു(19)വിനാണ് മര്‍ദ്ദനമേറ്റത്. പിക് അപ് വാനില്‍ എത്തിയ ഡ്രൈവറും സുഹൃത്തുക്കളും ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. എന്നാല്‍, അമിതമായി മദ്യപിച്ചെത്തിയ ഷിജു പ്രകോപനമില്ലാതെ അക്രമാസക്തനാവുകയും വാഹനത്തിന് കല്ലെറിയുകയും ചെയ്തപ്പോള്‍ കൂടുതല്‍ അക്രമസംഭവം ഉണ്ടാവാതിരിക്കാന്‍ പോലീസ് എത്തുന്നത് വരെ കയര്‍ കെട്ടി നിര്‍ത്തുക മാത്രമാണ് ചെയ്തത് എന്നാണ് വാഹനമുടമയുടെ വിശദീകരണം.
മദ്യപിച്ച് ബഹളം വെച്ചതിനെതിരേ ഷിജുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഷിജുവിന്റെ ദേഹത്ത് മുറിവുകള്‍ ഉണ്ട്. ഇയാളെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ വാഹനമുടമക്കെതിരേ പോലീസ് കേസെടുത്തിരുന്നില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇരുപക്ഷത്തിന്റേയും മൊഴി രേഖപ്പെടുത്തി നിയമനടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.