പന്തളം :പന്തളം കൊട്ടാരം ഇളയ തമ്ബുരാട്ടി, കൈപ്പുഴ പുത്തൻ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്ബുരാട്ടി അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനി തൃശൂർ കുറ്റിമുക്ക് എറണൂർ ഇല്ലത്ത് പരേതനായ നീല കണ്ഠൻ നമ്ബൂതിരിയുടെ പത്നിയാണ്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ തങ്ങള്‍ താമസിച്ചിരുന്ന കൈപ്പുഴയിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു.
പന്തളം കൊട്ടാരം വലിയതമ്ബുരാനായിരുന്ന പുണർജന്മം രാമവർമ തമ്ബുരാന്റെ മകളാണ് അംബാലിക തമ്ബുരാട്ടി. കേരളത്തിലെ ആചാരപരമായ പുരാതനമായ രാജവംശങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതിലൊന്നായ പന്തളം കൊട്ടാരത്തിലെ പ്രധാന വ്യക്തിത്വം കൂടിയായിരുന്നു അവര്‍.
പന്തളം കൊട്ടാരം നിർവ്വാഹക സംഘം ട്രഷറർ ദീപാവർമ്മ മകളാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം ) മരുമകനാണ്. പരേതരായ പന്തളം കൊട്ടാരം വലിയതമ്ബുരാൻ പുണർതം നാള്‍ കെ രവി വർമ്മ, പരേതയായ വലിയ തമ്ബുരാട്ടി തിരുവാതിര നാള്‍ ലക്ഷ്മി തമ്ബുരാട്ടി, കെ. രാജരാജവർമ്മ (ഓമല്ലൂർ അമ്മാവൻ), കെ .രാമവർമ്മ ( ജനയുഗം ), എന്നിവർ സഹോദരങ്ങളാണ്.
ശവദാഹം ഉച്ചക്ക് ശേഷം മൂന്നിന് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും. ആശൂലം മൂലം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം അടച്ചു. ആഗസ്റ്റ് രണ്ടിന് വീണ്ടും തുറക്കും.