ബ്രെയിൻ ട്യൂമർ ബാധിച്ച മൂന്ന് വയസുകാരിയെ പട്ടിണിക്കിട്ട് കൊന്ന് മാതാപിതാക്കൾ

11:55 AM May 04, 2025 | Neha Nair

ഭോപ്പാൽ: ബ്രെയിൻ ട്യൂമർ ബാധിച്ച മൂന്ന് വയസുകാരി​യെ ജൈനമതാചാര പ്രകാരം ഉപവാസമരണത്തിനിരയാക്കി രക്ഷിതാക്കൾ. വിയന്ന ജൈൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. രോഗം മൂലം ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ​ജൈന മതത്തില സന്താര ആചാര പ്രകാരമാണ് പട്ടിണിക്കിട്ട് മരണത്തിനിരയാക്കിത്.

ഐ.ടി പ്രൊഫഷണലുകളായ പിയൂഷ്, വർഷ ജെയിൻ ദമ്പതികളുടെ മകളായ വിയന്നക്ക് 2024 ഡിസംബറിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. മുംബൈയിൽ ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സക്ക് വിധേയയായെങ്കിലും രോഗാവസ്ഥ ഗുരുതരമായി തന്നെ തുടർന്നു. ഈ വർഷം മാർച്ചിൽ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ജൈന മതത്തി​ലെ ആചാരപ്രകാരം പെൺകുട്ടി മരണത്തിന് കീഴടക്കിയത്.

ഈ വർഷം മാർച്ച് 21ന് ആത്മീയഗുരുവായ രാജേഷ് മുനി മഹാരാജിനെ കുട്ടിയുടെ രക്ഷിതാക്കൾ പോയി കണ്ടിരുന്നു. ഇയാളുടെ നിർദേശപ്രകാരമാണ് കുട്ടിയെ രക്ഷിതാക്കൾ സന്താര എന്ന ആചാരത്തിന് വിധേയയാക്കിയത്. മന്ത്രങ്ങളിലൂടെയും നിരാഹാരത്തിലൂടെയും ഒരാൾ മരണത്തിന് കീഴടങ്ങുന്നതാണ് സന്താര ആചാരം.

ഗുരുദേവൻ ആചാരത്തെ കുറിച്ച് ഞങ്ങൾക്ക് വിശദീകരിച്ച് തന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സന്താര ആചാരം നടത്താൻ ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, ഗുരുജിയാണ് ഇതിന് നിർദേശിച്ചത്. കുടുംബത്തിലെ എല്ലാവരുടേയും അംഗീകാരം തീരുമാനത്തിനുണ്ടായിരുന്നുവെന്നും അവർ വിശദീകരിച്ചു.

അതേസമയം, സന്താര ആചാരം വിലക്കി രാജസ്ഥാൻ ഹൈകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 2015ലായിരുന്നു കോടതിയുടെ വിധി. ഇത് ആത്മഹത്യയാണെന്ന വിശദീകരണമാണ് വന്നത്. എന്നാൽ, സംഭവ​ത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.