പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് ആരംഭിക്കും . ഏപ്രില്‍ നാല് വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പ്രതിഷേധവും, പാര്‍ലമെന്റ് മണ്ഡല പുനര്‍ നിര്‍ണയവും അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുളള ഇന്ത്യയുടെ തീരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രഷുബ്ധമാകാനാണ് സാധ്യത.
വഖഫ് ഭേദഗതി ബില്ലിന്മേലുളള സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച ശേഷമാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫെബ്രുവരിയില്‍ അവസാനിച്ചത്. രണ്ടാം സെഷനില്‍ ബില്‍ പാസാക്കിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബില്ലുമായി ബന്ധപ്പെട്ട ജെപിസി ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം പ്രതിപക്ഷം തീര്‍ത്തിരുന്നു.
പാര്‍ലമെന്റിന് പുറത്തും അകത്തും പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. ജനസംഖ്യാടിസ്ഥാനത്തില്‍ പാര്‍ലമെന്റ് മണ്ഡല പുനര്‍ നിര്‍ണയവും വലിയ ആശങ്കയോടെയാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ കാണുന്നത്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ ജനസംഖ്യാ നിയന്ത്രിത സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം കുറയുമോ എന്ന ആശങ്കയും ബിജെപിക്ക് സ്വാധീനമുളള യുപി, ബിഹാര്‍ ഉള്‍പ്പെടെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇരട്ടിയോളം വര്‍ദ്ധിക്കുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയേക്കും.