തൃശൂരില്‍ ഓടുന്ന ബസില്‍ നിന്ന് യാത്രക്കാരൻ ചാടി; ഗുരുതര പരിക്ക്

04:28 PM Nov 07, 2025 | Renjini kannur

തൃശ്ശൂർ: ഓടുന്ന ബസില്‍ നിന്നും എടുത്ത് ചാടിയ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അന്നമനടയില്‍ നിന്നും മാളയിലേക്ക് പോകുന്ന വഴിക്ക് മേലഡൂരിലെ പുറക്കുളം സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്.അന്നമനടയില്‍ നിന്ന് തൃപ്രയാറിലേക്ക് പോവുകയായിരുന്ന ബസ്, പുറക്കുളം സ്റ്റോപ്പില്‍ നിന്ന് ഒരു യാത്രക്കാരിയെ കയറ്റിയ ശേഷം വീണ്ടും മുന്നോട്ടെടുത്തപ്പോഴാണ് സംഭവം.

ഇതിനിടയില്‍, സീറ്റില്‍ നിന്നും എഴുന്നേറ്റ യാത്രക്കാരൻ ഒരു കാരണവുമില്ലാതെ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ മാളയിലെ ബിലീവേഴ്‌സ് ചർച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചാടിയ വ്യക്തി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല