പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്ക. രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎല്‍എയായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കി .
ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവര്‍ 2023 ഒക്ടോബറില്‍ രാജിവെച്ചു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവര്‍ പറഞ്ഞത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്. ചന്ദ്ര പ്രിയങ്കയുടെ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരേ എത്രയുംപെട്ടെന്ന് നടപടിയെടുക്കണമെന്ന് പുതുച്ചേരി ഡിഎംകെ മഹിളാവിഭാഗം നേതാവ് ടി. ആര്‍. ഗായത്രി ശ്രീകാന്ത്, സിപിഐ എംഎല്‍ മഹിളാ വിഭാഗം പ്രവര്‍ത്തക ആര്‍. വിജയ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധയോഗവും നടത്തി.