പൂണെ: ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ഐ.ടി ജീവനക്കാരുടെ പരാതി വ്യാജം. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. സുഹൃത്തിനോടുള്ള ദേഷ്യത്തിനാണ് പെൺകുട്ടി പരാതി നൽകിയതെന്നും പൊലീസ് കണ്ടെത്തി. സുഹൃത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിനുള്ള വൈരാഗ്യത്തിലാണ് പരാതി നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയെന്ന് പൂണെ പൊലീസ് കമീഷണർ അറിയിച്ചു.
പെൺകുട്ടിയും ആൺസുഹൃത്തും തമ്മിൽ നിരന്തരമായി കാണാറുണ്ടായിരുന്നു. ബുധനാഴ്ചയും ഇരവരും തമ്മിൽ കണ്ടിരുന്നു. തുടർന്ന് ആൺസുഹൃത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ആൺസുഹൃത്തിനോടുള്ള ദേഷ്യത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന വ്യാജ പരാതി നൽകിയതെന്ന് പൊലീസ് കമീഷണർ അമിതേഷ് കുമാർ അറിയിച്ചു.
ആൺസുഹൃത്തിനൊപ്പമുള്ള ചിത്രം തന്നെയാണ് പീഡിപ്പിക്കാനെത്തിയ ഡെലിവറി ഏജന്റിതെന്ന പേരിൽ പെൺകുട്ടി സമർപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. പരാതി വ്യാജമാണെന്ന് പെൺകുട്ടി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പുണെയിലെ കോൻധ്വയിൽ കൊറിയർ ജീവനക്കാരനെന്ന വ്യാജേന ഫ്ലാറ്റിൽ എത്തിയ അജ്ഞാതൻ ബലാത്സംഗം ചെയ്തുവെന്നായിരുന്നു 22കാരിയുടെ പരാതി. ബുധനാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവമെന്നും കൂടെ താമസിക്കുന്ന സഹോദരൻ പുറത്തുപോയ നേരത്താണ് ആക്രമണം നടന്നതെന്നുമായിരുന്നു പരാതി.
ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ അടുത്തുനിന്ന് ഭാഗികമായ മുഖവുമായി അവളുടെ മൊബൈലിൽ പ്രതി എടുത്തതെന്ന പേരിൽ ഒരു സെൽഫിയും യുവതി നൽകിയിരുന്നു. ഇത് യുവതിയും കാമുകനുമായുള്ള സെൽഫി എഡിറ്റ് ചെയ്ത് നൽകിയതാണെന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ ഫോട്ടോകൾ തന്റെ കൈയിലുണ്ടെന്നും പരാതിപ്പെട്ടാൽ അവ പുറത്തുവിടുമെന്നും താൻ വീണ്ടും വരുമെന്നും ഫോണിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.