+

പുടിനെ കണ്ട് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

പുടിനെ കണ്ട് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ക്രെംലിനിൽ എത്തിയായിരുന്നു കൂടിക്കാഴ്ചയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്ത്യൻ സ്ഥാപനങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച.

റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗുവുമായും ചർച്ച നടത്തിയ ഡോവൽ, പുടിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള പദ്ധതികൾ ഏകദേശം അന്തിമമായതായി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ പിന്തുണച്ചതിന് നന്ദിയും പറഞ്ഞു. ലോകം ഒരു പ്രക്ഷുബ്ധമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാൽ റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരവും പ്രത്യേകവുമായ പങ്കാളിത്തത്തിന് വർദ്ധിച്ച പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ്, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചത്. ഇത് മൊത്തം ഇറക്കുമതി തീരുവ 50 ശതമാനമാക്കിയിട്ടുണ്ട്. ഇന്ത്യ അമേരിക്കയുടെ നല്ല വ്യാപാര പങ്കാളിയല്ലെന്നും തുടർന്ന് ട്രംപ് പറഞ്ഞിരുന്നു.

facebook twitter