നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

07:43 AM Mar 01, 2025 | Suchithra Sivadas

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ്ങ് കോളേജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, രാഹുല്‍ രാജ്, എസ്എന്‍ ജീവ, എന്‍ വി വിവേക്, റിജില്‍ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസീക്യൂഷന്‍ വാദിച്ചത്. 

വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.