എന്താണ് തളിപ്പറമ്പത്തപ്പന്റെ പൊന്നിന്കുടം ?

09:05 PM Oct 31, 2025 | Kavya Ramachandran


കേരളത്തിലെ സുപ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പുരാതനതയും ആചാരസമ്പന്നതയും കൊണ്ട് പ്രശസ്തമാണ്.രാജാധിരാജന്റെ ക്ഷേത്രം" എന്നറിയപ്പെടുന്ന ഈ ദേവാലയം കാലങ്ങളായി ഭക്തജനങ്ങളുടെ ആത്മവിശ്വാസത്തിന്റെയും ആധ്യാത്മികതയുടെയും ആധാരമായി നിലകൊള്ളുകയാണ് .പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായ  ഈ ക്ഷേത്രം പരശുരാമൻ പുനർ നിർമാണം നടത്തിയെന്നാണ് വിശ്വാസം.


പട്ടം താലി , നെയ്യമൃത് , പൊന്നിന്കുടം , വെള്ളിക്കുടം തുടങ്ങിയവയാണ്  രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ .തളിപ്പറമ്പ് രാജരാജേശ്വരൻ “പ്രാർത്ഥിക്കുന്നവരിൽ ആരെയും നിരാശരാക്കില്ല” എന്നതാണ് പഴമൊഴി.
Trending :

കഴിഞ്ഞ ദിവസം പ്രമുഖ നടൻ ഭരത് മമ്മൂട്ടിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശിയായ  ഒരു ഭക്തൻ  പൊന്നിൻ കുടം വഴിപാട് നടത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു .   എ. ജയകുമാറാണ്  മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പൊന്നിൻ കുടം  വഴിപാട് നടത്തിയത്.  ഉത്രം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചത് 

എന്നാൽ  മമ്മൂട്ടിയുടെ പേരിൽ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല രംഗത്ത് എത്തിയിരുന്നു. പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചായിരുന്നു പരിഹാസം. 'നാളേയും അതവിടെ കണ്ടാൽ മതിയായിരുന്നു'- എന്നാണ് ശശികല പറഞ്ഞത്.

മാധ്യമ വാർത്ത വന്നതിന് പിന്നാലെ ക്ഷേത്രത്തിലെ പൊന്നിൻ കുടം വഴിപാടിനെ പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പൊന്നിൻ കുടം വഴിപാട് നടത്തി എന്ന് പറഞ്ഞാൽ  സ്വർണ്ണം കൊണ്ടുള്ള കുടം സമർപ്പിച്ചെന്ന് പലരും തെറ്റിദ്ധരിക്കുകയുണ്ടായി . 

എന്നാൽ യഥാർത്ഥത്തിൽ എന്താണ് രാജരാജേശ്വരന് സമർപ്പിക്കുന്ന പൊന്നിൻ കുടം വഴിപാട് എന്ന് അറിയാമോ ?വിശ്വകർമാവിനാൽ നിർമിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ മാന്ധാതാവ്, മുചുകുന്ദൻ എന്നിവർക്ക് ശ്രീപാര്‍വതി ദാനം ചെയ്ത രണ്ടു ശിവലിംഗങ്ങളും ഭൂമിയിൽ താഴ്ന്നു പോയി. മൂന്നാമത് അഗസ്ത്യഹർഷിയെക്കൊണ്ട് പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന ശിവലിംഗം. ഈ ബിബംവും ഭൂമിയിൽ താഴ്ന്നു തുടങ്ങിയപ്പോൾ  കാമധേനുവെന്ന പശുവിന്റെ പാലിൽ നിന്നും നെയ്യെടുത്താണ് പ്രതിഷ്‌ഠയുറപ്പിച്ചതെന്നും ഈ നെയ്യ് കെടാവിളക്കിൽ പകർന്നുവെന്നുവെന്നുമാണ് ഐതീഹ്യം .

പൊന്നിന്കുടം വെള്ളിക്കുടം വഴിപാട് നടത്തിക്കുന്ന കഴകക്കാർ കൊ ട്ടിൻപുറത്ത്  വച്ച് ഭക്തർ സമർപ്പിക്കുന്ന പൊന്നിന്കുടത്തിലെയും വെള്ളികുടത്തിലെയും നെയ് നിറയ്ക്കുകയും അവിടെ നിന്ന് എഴുന്നള്ളിച്ച് ഭഗവാന്റെ നടയ്ക്കലേക്ക് ചെന്ന് സമർപ്പിക്കുകയുമാണ് ചടങ്ങ്. തുടർന്ന് പൊന്നിന്കുടത്തിലെയോ വെള്ളിക്കുടത്തിലെയോ നെയ്യ് കെടാവിളക്കിലേക്ക് പകരുന്നു .ആരോഗ്യപ്രാപ്തിക്കും, കുടുംബസൗഭാഗ്യത്തിനും, സമൃദ്ധിക്കും വേണ്ടി നടത്തുന്ന വഴിപാടാണിത് .നെയ് വിളക്കിന്   2o രൂപയും വെള്ളിക്കുടത്തിന് 1200 രൂപയും പൊന്നിന്കുടത്തിനു 1600 രൂപയുമാണ് .     

ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം വഴിപാട് നടത്തിയിരുന്നു. പല പ്രമുഖരും ഇവിടെയെത്തി പൊന്നിൻകുടം വഴിപാട് നടത്തുന്നത് പതിവാണ്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സ്വര്‍ണ കുടം കൊണ്ട് വന്ന് തന്നെ വഴിപാടായി സമര്‍പ്പിക്കുകയും, അത് ഇന്നും ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുമുണ്ട്.

ദിവസേന  കേരളത്തിനകത്തും പുറത്തുമായി നിരവധി ഭക്തർ ഈ വഴിപാട് നടത്താൻ ക്ഷേത്രത്തിലെത്താറുണ്ട്