രാം ചരണിന്റെ അമ്മവേഷം ക്ഷണം ലഭിച്ചു, ഞാൻ പറ്റില്ലെന്ന് പറഞ്ഞു- സ്വാസിക

02:06 PM Aug 25, 2025 | Kavya Ramachandran


രാം ചരണിന്റെ അമ്മവേഷം ചെയ്യാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് നടി സ്വാസിക വിജയ്. എന്നാല്‍, താന്‍ അത് വേണ്ടെന്ന് വെച്ചുവെന്നും സ്വാസിക പറഞ്ഞു. പെഡ്ഡി എന്ന ചിത്രത്തിലാണ് തന്നെ രാംചരണിന്റെ അമ്മ വേഷംചെയ്യാന്‍ വിളിച്ചതെന്നും സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അന്യഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സെലക്ടീവ് ആയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. വേഷങ്ങള്‍ ബോധപൂര്‍വം വേണ്ടെന്നുവെച്ചിട്ടില്ലെന്നും ചിത്രങ്ങള്‍ തന്നിലേക്ക് സ്വാഭാവികമായി വരികയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. തുടര്‍ന്നാണ് പെഡ്ഡിയിലേക്കുള്ള ക്ഷണത്തെക്കുറിച്ച് സ്വാസിക തുറന്നുപറഞ്ഞത്.

'കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കാര്യമായി സെലക്ടീവ് അല്ല. എങ്ങനെയോ ആണ് ലബ്ബര്‍പന്തിലേക്ക് എത്തുന്നത്. മാമന്‍ വരുന്നതും ഞാനായിട്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തതത് അല്ല. ലബ്ബര്‍പന്തിന്റെ സംവിധായകനും മാമന്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം സിനിമ കണ്ട് എന്നെ വിളിച്ചു, കഥകേട്ടപ്പോള്‍ ചെയ്യാം എന്ന് കരുതി. കറുപ്പും ലബ്ബര്‍പന്ത് കണ്ട് വിളിച്ചതാണ്'-സ്വാസിക പറഞ്ഞു.

Trending :

'എനിക്ക് ഇഷ്ടപ്പെട്ട കുറച്ചുകുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ആ സിനിമകള്‍ ചെയ്തത്. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ വന്നപ്പോഴാണ് ചൂസി ആയത്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്. തെലുങ്കില്‍, വലിയ ചിത്രമായിരുന്നു. പെഡ്ഡി എന്നാണ് ചിത്രത്തിന്റെ പേര്. വലിയ ബജറ്റിലുള്ള ചിത്രമാണ്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോള്‍ ഞാന്‍ പറ്റില്ല എന്ന് പറഞ്ഞു. അത് ഞാന്‍ ചൂസ് ചെയ്തു, നോ എന്ന് പറഞ്ഞു'- സ്വാസിക കൂട്ടിച്ചേര്‍ത്തു.

പിന്നാലെ സ്വാസികയും രാംചരണും തമ്മിലെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തി. 1985-ലാണ് രാം ചരണിന്റെ ജനനമെന്നും സ്വാസിക 91-ലാണ് ജനിച്ചതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.