ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി സൗദി അറേബ്യയില്‍ പുതിയ ബജറ്റ് എയര്‍ലൈന്‍ കമ്പനി രൂപവത്കരിക്കുന്നു. മൂന്ന് കമ്പനികളുള്‍പ്പെട്ട എയര്‍ അറേബ്യ സഖ്യമാണ് ഇതിനുള്ള ബിഡ് നേടിയതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലേജ് പറഞ്ഞു.
ദമ്മാം വിമാനത്താവളത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയര്‍ അറേബ്യ, കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്, നസ്മ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികള്‍ ഉള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യത്തിന്റെ ബിഡ് ആണ് വിജയിച്ചത്. വ്യോമയാന ശൃംഖലയുടെ ബന്ധം വ്യാപിപ്പിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് സഹായിക്കും.
പുതിയ ബജറ്റ് എയര്‍ലൈന്‍ കമ്പനി 24 ആഭ്യന്തര റൂട്ടുകളിലും 57 അന്താരാഷ്ട്ര റൂട്ടുകളിലും സര്‍വിസുകള്‍ നടത്തും. ഇത് രാജ്യത്തിന്റെ വ്യോമയാന ബന്ധം വര്‍ധിപ്പിക്കും. 2030 ആകുമ്പോഴേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ എത്തിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ക്കായുള്ള ദേശീയ തന്ത്രത്തില്‍നിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ബജറ്റ് എയര്‍ലൈന്‍ കമ്പനി.
ഇത് 2,400 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യും