കൊച്ചി: ചേട്ടന്റെ ഭജനയ്ക്ക് മൃദംഗവുമായി സ്കൂട്ടറിൽ പോയ അനിയന് ബസിടിച്ച് ദാരുണാന്ത്യം. എറണാകുളം ടിഡി റോഡിൽ എസ്എസ് കലാമന്ദിറിനുസമീപം ഗോകുലം വീട്ടിൽ കെ. സുധീന്ദ്രനാഥിന്റെയും സുനിത ഷേണായിയുടെയും മകൻ ഗോവിന്ദ് എസ്. ഷേണായ് (18) ആണ് മരിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒന്നാംവർഷ വിദ്യാർഥിയാണ്.
എറണാകുളം ടൗൺഹാളിനുസമീപം ശനിയാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം.ചേട്ടൻ ശ്രീനിവാസിന് ഇടപ്പള്ളി ഗായത്രി സമൂഹമഠത്തിൽ രാവിലെ ഭജനയുണ്ടായിരുന്നു. പരിപാടിക്കായി വീട്ടിൽനിന്ന് ആദ്യമിറങ്ങിയ ശ്രീനിവാസ്, മൃദംഗവുമായി വരാൻ അനിയൻ ഗോവിന്ദിനോട് ആവശ്യപ്പെടുകയായിരുന്നു. മൃദംഗവുമായി ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു യാത്ര. ടൗൺഹാളിനുസമീപം എത്തുന്നതിനുമുൻപ് സാനിയ ഹോട്ടലിന് മുൻവശത്തെത്തിയപ്പോഴായിരുന്നു അപകടം. എറണാകുളം-ഏലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'നന്ദനം' ബസാണ് പിന്നിൽനിന്നും ഗോവിന്ദിന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്. ഗോവിന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിനുപിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവർ സനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിതവേഗത്തിലായിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഗോവിന്ദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശനിയാഴ്ച രാത്രി സംസ്കാരം നടന്നു.ടിഡി റോഡിൽ സാനിട്ടറി കട നടത്തുകയാണ് സുധീന്ദ്രനാഥ്. ശ്രീനിവാസും ഗോവിന്ദും ഭജന ആലപിക്കുകയും മൃദംഗം വായിക്കുകയും ചെയ്യുമായിരുന്നു. ഇവരുൾപ്പെടുന്ന ഭജനസംഘം തിരുപ്പതി ക്ഷേത്രത്തിലടക്കം ഭജന അവതരിപ്പിച്ചിട്ടുണ്ട്.