ചെന്നൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണമേഖലാ ഗ്യാസ് ടാങ്കർ ലോറി ഓണേഴ്സ് അസോസിയേഷൻ ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു . വ്യാഴാഴ്ച രാവിലെ ആറുമുതൽ 6000-ത്തിലധികം ലോറികൾ ഓട്ടം നിർത്തിവെച്ചു.സമരം തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി മേഖലകളിൽ പാചകവാതകവിതരണം തടസ്സപ്പെടും. ഇതുവഴി സിലിൻഡറുകൾക്ക് കടുത്തക്ഷാമമുണ്ടാകാനാണ് സാധ്യത.
നാമക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാങ്കർ ലോറി അസോസിയേഷനുകീഴിലുള്ള ലോറികളിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്ന് പാചകവാതകം വിതരണംചെയ്യുന്നത്. എണ്ണക്കമ്പനികളുമായുള്ള പുതിയ കരാർവ്യവസ്ഥകളിൽ അതൃപ്തിരേഖപ്പെടുത്തിയാണ് ലോറിയുടമകൾ സമരരംഗത്തിറങ്ങിയത്. ഇരുവിഭാഗങ്ങളുംതമ്മിൽ നിലവിലുള്ള കരാർ ഈവർഷം ഓഗസ്റ്റിൽ അവസാനിക്കും. തുടർന്ന് 2025 മുതൽ 2030 വരെ പുതിയകരാറിടും. എന്നാൽ, പുതിയകരാറിലുള്ള പലവ്യവസ്ഥകളും ലോറിയുടമകൾ അംഗീകരിക്കുന്നില്ല.
ലോറികളുടെ എണ്ണം കുറയ്ക്കുമെന്നും 3-ആക്സിൽ ട്രക്കുകൾക്ക് മുൻഗണന നൽകുമെന്നുമാണ് കമ്പനി മുന്നോട്ടുവെച്ച ചിലവ്യവസ്ഥകൾ. വിയോജിപ്പുകൾ സംഘടന അറിയിച്ചെങ്കിലും എണ്ണക്കമ്പനികൾ പുതിയപ്രഖ്യാപനങ്ങൾ നടത്തിയില്ല. ഇതേത്തുടർന്നാണ് പണിമുടക്കാനുള്ള തീരുമാനം. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പാചകവാതക വിതരണക്കരാർ ഒപ്പുവെച്ചിട്ടുള്ളത്.
ചെന്നൈ, കൊച്ചി, പാലക്കാട്, വിശാഖപട്ടണം, മംഗളൂരു, സരളപ്പള്ളി, തൂത്തുക്കുടി ഉൾപ്പെടെ പത്തുസ്ഥലങ്ങളിലെ പാചകവാതക വെയർഹൗസുകളിൽനിന്ന് ഗ്യാസ് കൊണ്ടുപോകുന്നത് പൂർണമായും നിന്നതോടെ വരുംദിവസങ്ങളിൽ പാചകവാതകവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ലോറിയുടമകളുടെ സംഘടന മുന്നറിയിപ്പുനൽകി. പുതിയ കരാർനിയന്ത്രണങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ പണിമുടക്ക് തുടരുമെന്നും സംഘടനാപ്രതിനിധികൾ അറിയിച്ചു.