ന്യൂഡല്‍ഹി: പഠനം കഴിഞ്ഞയുടന്‍ ഒരു കോടി രൂപയുടെ ജോലി ഓഫര്‍ ലഭിച്ചാല്‍ അത് സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാത്തവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, ശമ്പളം വേണ്ടെന്ന് വെച്ച് സ്വന്തമായി ബിസിനസിലേക്ക് തിരിഞ്ഞ ഇരുപത്തിമൂന്നുകാരി ഇന്ന് 4,000 കോടി രൂപയിലേറെ മൂല്യമുള്ള കമ്പനിയുടെ ഉടമയാണ്.
SUGAR കോസ്മെറ്റിക്സിന്റെ സഹസ്ഥാപകയും സിഇഒയും ആയ വിനീത സിങ്ങിന്റെ ജീവിതവിജയം ആരേയും പ്രചോദിപ്പിക്കുന്നതാണ്. ഐഐടി മദ്രാസില്‍ നിന്നും ഐഐഎം അഹമ്മദാബാദില്‍ നിന്നും ബിരുദങ്ങള്‍ നേടിയതിന് പിന്നാലെ ഒരു ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ 1 കോടി രൂപയുടെ ശമ്പള പാക്കേജ് ലഭിച്ചിരുന്നു. എന്നാല്‍, സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നത്തിലേക്കാണ് വിനീത ചുവടുവെച്ചത്.
വിനീതയുടെ സംരംഭകത്വ മനോഭാവം വളരെ ചെറുപ്പത്തില്‍തന്നെ പ്രകടമായിരുന്നു. 10 വയസ്സുള്ളപ്പോള്‍, ഒരു സുഹൃത്തുമായി ചേര്‍ന്ന് ഒരു ചെറിയ മാഗസിന്‍ ആരംഭിച്ചു. അത് വീടുതോറും വിറ്റു. വില കൂടുതലാണെന്ന് പറഞ്ഞ് പലരും അത് വാങ്ങാന്‍ വിസമ്മതിച്ചു. പക്ഷേ ആ അനുഭവം വിലനിര്‍ണ്ണയം, വില്‍പ്പന എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങള്‍ അവരെ പഠിപ്പിച്ചു.
2015ലാണ് വിനീത ഇന്ത്യയുടെ സൗന്ദര്യ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന ദര്‍ശനത്തോടെ SUGAR എന്ന ബ്രാന്‍ഡില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിപണിയിലിറക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇല്ലെന്ന് അവര്‍ ശ്രദ്ധിച്ചു.
ആഗോള സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയ കാലമയിരുന്നു അത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ വിപണിയിലെത്തിക്കാനായിരുന്നു SUGAR ലക്ഷ്യമിട്ടത്.
ആഗോള ബ്രാന്‍ഡുകെളെ പിന്തുടരുന്നതിനുപകരം, ആധുനിക ഇന്ത്യന്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിനീത സൃഷ്ടിച്ചു. ഗുണനിലവാരം, ആക്സസ്സിബിലിറ്റി എന്നിവയില്‍ ഊന്നല്‍ നല്‍കിയതോടെ SUGAR പെട്ടെന്ന് ശ്രദ്ധ നേടി.
ദീര്‍ഘകാലം നിലനില്‍ക്കുന്ന ലിപ്സ്റ്റിക്കുകളുടെയും ഐലൈനറുകളുടെയും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും ശ്രേണി ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലും ജനപ്രിയമായി.
SUGAR ന്റെ ദ്രുത വിജയത്തിലെ ഒരു പ്രധാന ഘടകം വിനീത ഇ-കൊമേഴ്സിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും ആദ്യകാലങ്ങളില്‍ ചെലുത്തിയ സ്വാധീനമായിരുന്നു. സോഷ്യല്‍ മീഡിയയും ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗും പ്രയോജനപ്പെടുത്തി. ദശലക്ഷക്കണക്കിന് സൗന്ദര്യ പ്രേമികളിലേക്ക് എത്തിച്ചേരുന്നതില്‍ ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ നിര്‍ണായക പങ്ക് വഹിച്ചു.
വിനീതയെ സംബന്ധിച്ചിടത്തോളം, ലാഭകരമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുക മാത്രമല്ല, സൗന്ദര്യ വ്യവസായത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കുക കൂടിയായിരുന്നു. പല ആഗോള ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി, SUGAR ഇന്ത്യന്‍ ചര്‍മ്മ നിറങ്ങള്‍ക്കായി പ്രത്യേകം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തു. വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന വിശാലമായ ഷേഡുകള്‍ ഉറപ്പാക്കി. ഉല്‍പ്പന്നങ്ങള്‍ക്കപ്പുറം, വിനീതയുടെ നേതൃത്വം സ്ത്രീകളെ ശാക്തീകരിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഷുഗര്‍ കോസ്മെറ്റിക്സിന്റെ മൂല്യം 30 ബില്യണ്‍ രൂപയാണ്. സ്ഥിരോത്സാഹം, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവ് എന്നിവയുടെ തെളിവാണ് വിനീതയുടെ വിജയം. ഇന്ത്യയിലുടനീളം 100-ലധികം സ്റ്റോറുകളും വമ്പന്‍ ഓണ്‍ലൈന്‍ സാന്നിധ്യവുമുള്ള കമ്പനി, അതിന്റെ ഉല്‍പ്പന്ന നിരയും ആഗോള വ്യാപ്തിയും വികസിപ്പിക്കുന്നത് തുടരുന്നു.