വയോധികരെ ലക്ഷ്യംവെച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ

10:57 AM May 06, 2025 | Kavya Ramachandran

കോഴിക്കോട്: ഒട്ടേറെ തട്ടിപ്പ്‌, കവർച്ച നടത്തിയ  കേസുകളിലെ പ്രതി പിടിയിൽ. പൂവ്വാട്ടുപറമ്പ് കമ്മനമീത്തൽ കെ.പി. പ്രശാന്ത്(43) ന്ന പിത്തം പ്രശാന്താണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് പോലീസിന്റെയും സിറ്റി ക്രൈം സ്ക്വാഡിന്റെയും പിടിയിലായത്.

 ആഡംബര ബൈക്കിൽ കറങ്ങവേയാണ് തൊണ്ടയാട് ജങ്ഷനു സമീപത്തുനിന്ന് പ്രതി പോലീസിന്റെ വലയിലായത്. ഇതോടെ മെഡിക്കൽ കോളേജ്, നടക്കാവ്, കൊയിലാണ്ടി, തലശ്ശേരി, കണ്ണൂർ എന്നീ സ്റ്റേഷനുകളിലെ ഏഴോളം കേസുകൾക്കാണ് തുമ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

മദ്യത്തിനടിമയായ പ്രതി ആഡംബരജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറിൽനിന്നും ഹോട്ടലിൽനിന്നും ബസ് സ്റ്റാൻഡിൽനിന്നും മറ്റും പരിചയം നടിച്ച് ആളുകളെ, പ്രത്യേകിച്ച് വയോധികരെയും അതിഥിത്തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവരുന്നതാണ് രീതി.

വിവിധ ജില്ലകളിലും തമിഴ്നാട്ടിലും കേസുള്ള പ്രശാന്ത് കോയമ്പത്തൂർ ജയിലിൽനിന്ന് മാർച്ചിലാണ് പുറത്തിറങ്ങിയത്. അതിനുശേഷം തലശ്ശേരിയിലും കണ്ണൂരിലും കറങ്ങിനടന്ന് പല രീതിയിലും തട്ടിപ്പ് നടത്തുകയായിരുന്നു.

തലശ്ശേരിയിൽ വയോധികനായ ഓട്ടോഡ്രൈവറോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് സ്വർണമോതിരമാണ് കവർന്നത്. കണ്ണൂരിൽ അതിഥിത്തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോയി അവരുടെ പണവും മൊബൈലും കവർന്ന്‌ കടന്നുകളഞ്ഞു. പിന്നീട് കോഴിക്കോട്ടേക്കും കൊയിലാണ്ടിയിലേക്കും താവളം മാറ്റുകയായിരുന്നു.

കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്ന് പരിചയപ്പെട്ട യുവാവിന്റെ ആഡംബര ബൈക്ക് കബളിപ്പിച്ച് തട്ടിയെടുത്തു. തുടർന്ന് മെഡിക്കൽ കോളേജ് ഭാഗത്ത് അതിഥിതൊഴിലാളികളുടെ മൊബൈലും പണവും കവർന്നു. പിന്നീട് ബസ്‌ സ്റ്റോപ്പിൽവെച്ച് പരിചയപ്പെട്ട വയോധികനെ ജ്യൂസ് വാങ്ങിനൽകി പരിചയം നടിച്ച് വീട്ടിലാക്കി തരാമെന്നുപറഞ്ഞ് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി വഴിയിൽ ഇറക്കിവിട്ട് മൊബൈലും പണവും കവർന്ന് കടന്നുകളയുകയായിരുന്നു. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയിലേക്ക് എത്തുന്നത്.

കോഴിക്കോട് സിറ്റിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇയാളുടെപേരിൽ സമാനമായ കേസുണ്ട്. കൂടാതെ, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ്നാട്ടിലും കേസുണ്ട്. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മിഷണർ എ. ഉമേഷ് അറിയിച്ചു.