
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച പുനരാരംഭിക്കും. നാല് തിയറ്ററുകൾ രണ്ട് ഷിഫ്റ്റുകളിലായി ഉപയോഗിക്കാനാണ് തീരുമാനം.അത്യാഹിത വിഭാഗത്തിലെ രണ്ട് ശസ്ത്രക്രിയ തിയറ്ററുകളും ട്രോമ ബ്ലോക്കിലെ രണ്ട് തിയറ്ററുകളുമാണ് ഉപയോഗിക്കുക. എട്ട് ടേബിളുകളാണ് ശസ്ത്രക്രിയക്ക് ലഭിക്കുക.
തകർന്ന പഴയ കെട്ടിടത്തിലാണ് ശസ്ത്രക്രിയ തിയറ്റർ പ്രവർത്തിച്ചിരുന്നത്. 10 തിയറ്ററുകളിലായി ഒറ്റ ഷിഫ്റ്റിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. കെട്ടിടം തകർന്നതോടെ തിയറ്റർ പൂട്ടിയിരുന്നു. ആഗസ്റ്റോടെ പുതിയ ശസ്ത്രക്രിയ തിയറ്റർ കോംപ്ലക്സ് തുറക്കുന്നതോടെ പരിമിതികൾക്ക് പരിഹാരമാവുമെന്ന് അധികൃതർ പറയുന്നു.
പുതിയ സർജിക്കൽ ബ്ലോക്ക് അടിയന്തരമായി തുറന്നെങ്കിലും പ്രവർത്തനം പൂർണസജ്ജമാകാൻ സമയമെടുക്കും. പഴയകെട്ടിടത്തിലെ രോഗികളെ ഇവിടേക്ക് മാറ്റിയിരുന്നു. സർജിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും മാറ്റൽ പുരോഗമിക്കുകയാണ്. ഡി.വൈ.എഫ്.ഐ, സേവാഭാരതി പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.