ഭീഷണിപ്പെടുത്തുന്നവർക്ക് ഒരിഞ്ച് സ്ഥലം നൽകിയാൽ അവർ ഒരു മൈൽ ദൂരം പോകും ; താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ചൈനീസ് പിന്തുണ

10:30 PM Aug 08, 2025 |


ന്യൂഡൽഹി: താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ചൈനയുടെ പിന്തുണ. ചൈനീസ് അംബാസിഡർ സു ഫെയിഹോങാണ് ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തുന്നവർക്ക് ഒരിഞ്ച് സ്ഥലം നൽകിയാൽ അവർ ഒരു മൈൽ ദൂരം പോകുമെന്ന് സു ഫെയിഹോങ് പറഞ്ഞു.

താരിഫ് ഒരു ആയുധമായി ഉപയോഗിച്ച് മറ്റുള്ള രാജ്യങ്ങളെ അടിച്ചമർത്തുന്നത് യു.എൻ ചാർട്ടറിന്റേയും ലോകവ്യാപാര സംഘടനയുടേയും നിയമങ്ങളുടേയും ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും പ്രതികരിച്ചു.

അതേസമയം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ബ്രസീലിയൻ പ്രസിഡന്റ് ഉപദേഷ്ടാവ് സെൽസോ അമോറിമുമായി സംസാരിച്ചു. സംഭാഷണത്തിൽ ട്രംപിന്റെ പേരെടുത്ത് പറയാതെ ചൈനീസ് വിദേശകാര്യമന്ത്രി വിമർശനം ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് മറുപടിയായി ചൈനീസ് പിന്തുണക്ക് ബ്രസീൽ നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്ക​ത്തി​നു പു​റ​മേ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നു പി​ഴ​യാ​യി 25 ശ​ത​മാ​നം കൂ​ടി അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന എ​ക്സി​ക്യു​ട്ടി​വ് ഉ​ത്ത​ര​വി​ൽ കഴിഞ്ഞ ദിവസം ട്രം​പ് ഒ​പ്പു​വെ​ച്ചിരുന്നു. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് തീ​രു​മാ​നം ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.