മയ്യഴിയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക മരിച്ചു

10:40 AM Nov 06, 2025 | Kavya Ramachandran

മയ്യഴി: തലശ്ശേരി-മാഹി ബൈപ്പാസിൽ പള്ളൂരിൽ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ ഡോ. കെ.ടി.രമിത (40) യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് അപകടം. രമിത പാലയാട് സർവകലാശാല കാമ്പസിൽ ആന്ത്രപ്പോളജി വിഭാഗം ഗസ്റ്റ് ലക്ചററാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റിയ ടിപ്പർലോറി രമിതയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ രമിതയെ ഉടൻ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമീപത്തെ സർവീസ് റോഡിൽ മാഹി പോലീസ്‌ ചെങ്കൽലോറികൾ പരിശോധിക്കുന്നുണ്ടായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർലോറിയാണ് അപകടമുണ്ടാക്കിയത്.

രമിതയുടെ അച്ഛൻ: വിമുക്തഭടൻ പരേതനായ അന്തോളി തൂവക്കുന്ന് കുഞ്ഞിരാമൻ. അമ്മ: കുണ്ടാഞ്ചേരി സൗമിനി. ഭർത്താവ്: ബിജുമോൻ (മാഹി ഐടി കമ്പനി ജീവനക്കാരൻ). മക്കൾ: അനീക, അൻതാര (പള്ളൂർ സെയ്ന്റ്‌ തെരേസാസ് സ്കൂൾ വിദ്യാർഥികൾ). മൃതദേഹം മാഹി ഗവ. ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.