തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി ക്യാമ്പസായ ടെക്നോപാര്‍ക്ക് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ട് ജൂലൈ 28 ന് 35 വര്‍ഷം.
ദേശീയപാതയ്ക്ക് സമീപമുള്ള വൈദ്യന്‍കുന്ന് ഒരുകാലത്ത് കശുമാവുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന സ്ഥലമായിരുന്നു. ഇന്നാകട്ടെ അവിടം ഏഷ്യയിലെ ഏറ്റവും വലുതും പരിസ്ഥിതി സൗഹൃദവുമായ ഐടി പാര്‍ക്ക് സ്ഥിതി ചെയ്യുകയാണ്. കേരളത്തിന്‍റെ ഐടി ഭൂപടത്തിന്‍റെ മുഖമുദ്രയായി ടെക്നോപാര്‍ക്ക് മാറിയതിന് പിന്നില്‍ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെയും രാഷ്ട്രീയ സഹകരണത്തിന്‍റെയും പങ്ക് പരമപ്രധാനമാണ്.
തിരുവനന്തപുരത്തെ സാങ്കേതിക ഹബ്ബാക്കി ഉയര്‍ത്തുന്നതില്‍ ടെക്നോപാര്‍ക്കിന്‍റെ പങ്ക് നിര്‍ണായകമാണ്. സംസ്ഥാനത്തിന്‍റെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് കരുത്ത് പകര്‍ന്നതും കേരളത്തിന്‍റെ ഐടി ആവാസവ്യവസ്ഥയുടെ വികസനത്തിന് കേന്ദ്രബിന്ദുവായ ടെക്നോപാര്‍ക്കാണ്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ നിലനില്‍ക്കുന്നതിനാല്‍ ആഗോള ഐടി ഭീമന്‍മാര്‍, രാജ്യത്തെ പ്രമുഖ കമ്പനികള്‍, അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ നിരന്തര തെരഞ്ഞെടുപ്പ് കേന്ദ്രം കൂടിയാണ് ടെക്നോപാര്‍ക്ക്.
സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതി രംഗത്ത് സുപ്രധാന സംഭാവനയാണ് ടെക്നോപാര്‍ക്ക് നല്‍കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13,255 കോടിയായിരുന്നു ഇത്. 2024-25 വര്‍ഷം 15 ശതമാനം അധിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ടെക്നോപാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു.
ടെക്നോപാര്‍ക്കിന്‍റെ ഉദ്ഘാടന കെട്ടിടമായ പമ്പയില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യത്തെ കമ്പനിയായിരുന്നു ബ്രഹ്മസോഫ്റ്റ് എന്ന ഇന്നത്തെ ആര്‍ആര്‍ ഡോണെല്ലി. 2,000 ത്തിലധികം പേരാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്.
ടെക്നോപാര്‍ക്കിന്‍റെ പ്രാരംഭ നാളുകളില്‍ പ്രവര്‍ത്തനം തുടങ്ങിയ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പാര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഉതകാന്‍ വിധമുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും സുപ്രധാന പങ്കാണ് വഹിച്ചത്.
കഴിഞ്ഞ 35 വര്‍ഷക്കാലമായി ടെക്നോപാര്‍ക്ക് ആഗോള കമ്പനികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പുതുമുഖ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരാനുള്ള വളക്കൂറുള്ള അന്തരീക്ഷം ഒരുക്കിയെന്ന് തീര്‍ത്തും അഭിമാനത്തോടെ പറയാനാകുമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. ശക്തമായ ഇ എസ് ജി തത്വങ്ങള്‍, തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ ലഭിച്ച ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ്, സുപ്രധാന വിപുലീകരണങ്ങള്‍ എന്നിവ സാമ്പത്തിക സ്ഥിരതയും വിശ്വാസ്യതയും തെളിയിക്കുന്നതാണ്. അങ്ങനെ നവീകരണത്തിന്‍റെ പുതുയുഗത്തിലേയ്ക്ക് തങ്ങള്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച മാനവശേഷിയും ഉയര്‍ന്ന ജീവിത നിലവാരവുമുള്ള തിരുവനന്തപുരം സാങ്കേതിക വികസനത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൈപുണ്യമുള്ളവരുടെ ലഭ്യത, മികവാര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍, തുച്ഛമായ കൊഴിഞ്ഞുപോകല്‍ നിരക്ക്, കുറഞ്ഞ ജീവിതച്ചെലവ്, സര്‍ക്കാര്‍ പിന്തുണയുള്ള ലീസിങ് പോളിസികള്‍ എന്നിവ ടെക്നോപാര്‍ക്കിന്‍റെ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഇന്ന് ടെക്നോപാര്‍ക്ക് അഞ്ച് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നു. 760 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടിയിലാണ് പ്രവര്‍ത്തനം. ഇന്‍ഫോസിസ്, യുഎസ്ടി, ടിസിഎസ്, എച്ച്സിഎല്‍ടെക്, ആക്സെഞ്ചര്‍, ടാറ്റ എല്‍ക്സി, അലയന്‍സ്, ഗൈഡ്ഹൗസ്, നിസ്സാന്‍ ഡിജിറ്റല്‍, ഒറാക്കിള്‍, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബല്‍, ടൂണ്‍സ് ആനിമേഷന്‍ തുടങ്ങിയ ആഗോള പ്രമുഖ സ്ഥാപനങ്ങള്‍ക്കൊപ്പം 500 ലധികം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഇവൈ, അലയന്‍സ്, അച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, നിസ്സാന്‍ ഡിജിറ്റല്‍, ആക്സെഞ്ചര്‍, ഇക്വിഫാക്സ്, ഇന്‍സൈറ്റ്, ഐക്കണ്‍, ആര്‍എം എഡ്യുക്കേഷന്‍, സഫ്രാന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ തങ്ങളുടെ ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം), ഡിജിറ്റല്‍ യൂണിവേഴ്സ്റ്റി, ഐസിടി അക്കാദമി ഓഫ് കേരള, കേരള സ്പേസ് പാര്‍ക്ക്, പ്രവര്‍ത്തനത്തിനൊരുങ്ങുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങി സംസ്ഥാന സര്‍ക്കാരിന്‍റെ സ്ഥാപനങ്ങളും ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അര്‍മാഡ, ദുബായ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിദേശ കമ്പനികള്‍ അവരുടെ ഇന്ത്യന്‍ പ്രവര്‍ത്തന കേന്ദ്രമായി ടെക്നോപാര്‍ക്കിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകോത്തര ഐടി അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമായി ടെക്നോപാര്‍ക്ക് നിരവധി കോ-ഡെവലപ്പര്‍മാരുമായി സഹകരിച്ചു വരുന്നു. എംബസി ടോറസ്, ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ്, കാര്‍ണിവല്‍ ടെക്നോപാര്‍ക്ക്, ആംസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പത്മനാഭം, എം-സ്ക്വയര്‍ തുടങ്ങിയവരാണ് പ്രധാന പങ്കാളികള്‍. പാര്‍ക്കിന്‍റെ നവീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനും ഇവരുടെ പങ്ക് നിസ്തുലമാണ്.
ടെക്നോപാര്‍ക്ക് നിര്‍ണായകമായ വളര്‍ച്ചാഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവില്‍ വികസനത്തിലിരിക്കുന്ന 4 ദശലക്ഷം ചതുരശ്രയടിയിലധികം വിസ്തീര്‍ണമുള്ള സ്ഥലം തയ്യാറായാല്‍ 30,000 ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. ടോറസ് എംബസിയുടെ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പ്രോജക്ട് (ഫേസ് 3), ടിസിഎസ് ഐടി/ഐടിഇഎസ് ക്യാമ്പസ് (ഫേസ് 4), ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ (ഫേസ് 1), ദി ക്വാഡ് (ഫേസ് 4), വാണിജ്യ/ഐടി, പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ (ഫേസ് 1), വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ (ഫേസ് 5, കൊല്ലം) എന്നിവയാണ് പ്രധാന വികസനങ്ങള്‍.
കൂടുതല്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ ആകര്‍ഷിക്കുക എന്നതാണ് ഈ വിപുലീകരണത്തിന്‍റെ പ്രധാന ലക്ഷ്യം. ജിസിസി ക്ലസ്റ്ററുകളിലും ഗവേഷണ വികസന കേന്ദ്രങ്ങളിലും ഊന്നല്‍ നല്‍കി ജിസിസി സ്റ്റുഡിയോ പാഡ് സ്ഥാപിക്കല്‍, നാലാം ഘട്ടത്തിനായി പുതിയ മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കല്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. സാങ്കേതിക പരിസ്ഥിതിയ്ക്ക് ഊര്‍ജ്ജം പകരുന്ന പ്രധാന സംവിധാനമായാണ് ടെക്നോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. അതിവേഗം വളരുന്ന ടെക്നോളജി ഭൂപടത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ നൂതന സാങ്കേതിക പദ്ധതികള്‍ക്കായി ഭൂമി ലഭ്യമാക്കലും തൊഴില്‍സ്ഥലം ഒരുക്കി നല്‍കലുമാണ് ടെക്നോപാര്‍ക്ക് ചെയ്യുന്നത്.
കേരള സ്പേസ് പാര്‍ക്ക്, കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍, എംഎസ്എംഇ ടെക്നോളജി സെന്‍റര്‍, എമര്‍ജിംഗ് ടെക് ഹബ്ബ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, മ്യുലേണ്‍ ബൈ ജിടെക്, യൂണിറ്റി മാള്‍ തുടങ്ങിയവ പ്രമുഖ വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
നിക്ഷേപവും നവീകരണവുമുള്ള വളര്‍ച്ചയ്ക്കായി മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യം, സാങ്കേതിക വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. സുസ്ഥിരതയാണ് ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘടകം. ഫേസ് 3 ല്‍ 750 കെഎല്‍ഡി ശേഷിയുള്ള മെംബ്രന്‍ ബയോ-റിയാക്ടര്‍ മലിനജല സംസ്കരണ പ്ലാന്‍റ് ആരംഭിച്ചു. ടെക്നോപാര്‍ക്കിന് ഐഎസ്ഒ 14001, ഐഎസ്ഒ 9001, ഐഎസ്ഒ 45001 സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദത്തിനുള്ള ഐജിബിസി സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുണ്ട്.
2025 ല്‍ ടെക്നോപാര്‍ക്ക് 35 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് നടന്നുവരുന്നത്. ഫെബ്രുവരിയില്‍ നടന്ന ജി ടെക് മാരത്തണ്‍, ടെക്നോപാര്‍ക്കിന്‍റെ മുന്‍ സിഇഒ മാരെയും വ്യവസായ പ്രമുഖരെയും ഉള്‍പ്പെടുത്തി പോഡ്കാസ്റ്റ് പരമ്പര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വാര്‍ഷിക ദിനമായ ജൂലൈ 28 ന് ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ചാഘട്ടങ്ങളെ ഓര്‍ക്കുന്നതിനും ഭാവി വികസന പരിപാടികള്‍ പങ്കുവയ്ക്കുന്നതിനുമായി ജീവനക്കാര്‍ ഒത്തുചേരും. ചടങ്ങില്‍ അഗസ്ത്യം കളരിയുടെ സാംസ്കാരിക പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിന്‍റെ സ്ഥാപക എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായ കെ. മാധവന്‍ പിള്ളയ്ക്ക് ആദരവും ക്യാമ്പസിലെ പുതിയ ബ്രാന്‍ഡഡ് സ്റ്റോറിന്‍റെ ഉദ്ഘാടനവും ഉണ്ടാകും.35 ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് ദി ക്വാഡ്, വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നീ പ്രധാന പദ്ധതികള്‍ക്ക് തുടക്കമിടുന്നതും മറ്റ് സാമൂഹിക സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതും.