ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് കരട് വോട്ടര്‍ പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്കൊപ്പം ചായ കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. ബിഹാറില്‍ മരിച്ചതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ചായ കുടിച്ചത്.
'ജീവിതത്തില്‍ വളരെ രസകരമായ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ 'മരിച്ചവരുടെ' കൂടെ ചായ കുടിക്കാന്‍ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി! എന്നാണ് രാഹുല്‍ വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്
ബിഹാര്‍ വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭാഗമായി 52 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നത്. മരിച്ച 18ലക്ഷം വോട്ടര്‍മാര്‍, മറ്റ് നിയോജക മണ്ഡലത്തിലേക്ക് താമസം മാറിയ 26 ലക്ഷം പേര്, ഒന്നിലധികം സ്ഥലത്ത് രജിസ്റ്റര്‍ ചെയ്ത ഏഴ് ലക്ഷം പേര് എന്നിവരെയാണ് നീക്കം ചെയ്തതെന്നാണ് കമ്മീഷന് അറിയിച്ചത്.