ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസ്; പ്രതികൾക്കായുളള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

10:33 AM Jul 08, 2025 |


കൊച്ചി: ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസിൽ പ്രതികൾക്കായുളള നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി എഡിസൺ, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള കസ്റ്റേഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ലഹരിക്കേസാണ് എഡിസന്റെത്. ആറു വർഷം മുൻപ് സ്വന്തം ആവശ്യത്തിനാണ് എഡിസൺ ലഹരിമരുന്നു വാങ്ങിത്തുടങ്ങിയത്. ചെറിയ തോതില്‍ ആരംഭിച്ച ഇതിന്റെ വ്യാപാരം പതുക്കെ ശക്തമായി. രണ്ടു വർഷം മുൻപ് ഡാർക്ക് വെബ്ബിന്റെ സാധ്യത എഡിസൺ കണ്ടെത്തി. വിപുലമായ നെറ്റ്‌വർക്ക് ആണ് ഇവരുടേത് എന്നാണ് എൻസിബി കരുതുന്നത്. മുഖ്യപ്രതി എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ സഹപാഠികളാണ്.

മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കോളേജിലാണ് മൂവരും പഠിച്ചത്. ഡിയോൾ ആണ് എഡിസണെ ലഹരിയിടപാടുകളിലേക്ക് കൊണ്ടുവന്നത് എന്നാണ് സൂചന. അന്നുമുതൽ ‘കെറ്റാമെലോൺ’ എന്ന ബ്രാൻഡ് ഡാർക്ക്നെറ്റിലെ ലഹരി ലോകത്ത് ഹിറ്റായി. ഡാർക്ക്നെറ്റിൽ ‘ലെവൽ 4’ൽ ഉള്ള, രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖനായ ലഹരി കടത്തുകാരനായാണ് എഡിസൺ ഈ മേഖലയിൽ അറിയപ്പെടുന്നത്.

ഓർഡർ നൽകിയാൽ പറഞ്ഞ സമയത്ത് കൃത്യമായി ലഹരി എത്തിച്ചു നൽകിയിരുന്നു എന്നതായിരുന്നു കെറ്റാമെലോണിന്റെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനം.ഡിയോളിന് ഓസ്‌ട്രേലിയയിൽ അടക്കം ലഹരിയിടപാട് ഉണ്ടായിരുന്നു. ഇതിലൂടെ അയാൾ കോടികൾ സമ്പാദിച്ചിരുന്നു. എഡിസണെയും ലഹരിയിടപാട് ലോകത്തെക്കെത്തിച്ചത് ഡിയോൾ ആണെന്നാണ് എൻസിബിയുടെ നിഗമനം.