ഖത്തറിലെ ആധുനിക പൊതു ഗതാഗത സംവിധാനമായ ലുസൈല്‍ ട്രാമില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ഒരു കോടി (10 മില്യണ്‍) പിന്നിട്ടതായി അധികൃതര്‍ അറിയിച്ചു. 2022 ജനുവരിയില്‍ ട്രാം സര്‍വീസ് തുടങ്ങിയത് മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ഔദ്യോഗിക അക്കൗണ്ടിലൂടെ ഖത്തര്‍ റെയില്‍വേ ആണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. 2022 ഡിസംബര്‍ 18ന് നടന്ന ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ സമയത്തായിരുന്നു ട്രാമില്‍ ഏറ്റവുമധികം പേര് യാത്ര ചെയ്തത്. ഒരു ദിവസം 33,000 യാത്രക്കാര്‍ അന്ന് ട്രാമിന്റെ സേവനം ഉപയോഗപ്പെടുത്തി.
2022 ജനുവരിയില്‍ ഓറഞ്ച് ലൈനില്‍ ഏഴ് സ്റ്റേഷനുകളോടെയാണ് ലുസൈല്‍ ട്രാം ആരംഭിച്ചത്. 2024 ഏപ്രിലില്‍ പിങ്ക് ലൈന്‍ കൂട്ടിച്ചേര്‍ക്കുകയും ഓറഞ്ച് ലൈനിലെ എല്ലാ സ്റ്റേഷനുകളും വികസിപ്പിക്കുകയും ചെയ്തു. 2025 ജനുവരിയില്‍ ടര്‍ക്കോയ്സ് ലൈനും ലുസൈല്‍ ട്രാമില്‍ കൂട്ടിച്ചേര്‍ത്തു. 2022 ഫിഫ വേള്‍ഡ് കപ്പ്, 2023 എഎഫ്സി ഏഷ്യന്‍ കപ്പ്, പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിയ പ്രധാന പരിപാടികള്‍ക്ക് പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ പിന്തുണ നല്കാന് ട്രാമിന് കഴിഞ്ഞു. ഖത്തര്‍ റെയില്‍ ഗതാഗത മന്ത്രാലയവുമായും മൊവാസലാത്ത് (കര്‍വ) യുമായും സഹകരിച്ചാണ് ലുസൈല്‍ ട്രാം പ്രവര്‍ത്തിക്കുന്നത്.
ദോഹ മെട്രോയിലെ ലെഗ്തൈഫിയ, ലുസൈല്‍ ക്യുഎന്‍ബി സ്റ്റേഷനുകളില്‍ ട്രാം മെട്രോയുമായി ബന്ധിക്കപ്പെടുന്നു. യാത്രക്കാര്‍ക്ക് ഒരു കാര്‍ഡ് ഉപയോഗിച്ച് തന്നെ മെട്രോയിലും ട്രാമിലും അധിക നിരക്കില്ലാതെ യാത്ര ചെയ്യാനാകും.