മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നു, അതുപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ പുറത്താക്കിയത്‌ ; വര്‍ക്കലയിലെ വൃദ്ധ ദമ്പതികള്‍

08:46 AM Feb 01, 2025 | Suchithra Sivadas

വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീടിന് പുറത്താക്കി മകള്‍ ഗേറ്റ് അടച്ച സംഭവത്തില്‍ പ്രതികരിച്ച് വൃദ്ധദമ്പതികള്‍. പണം കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ മകള്‍ക്ക് വേണ്ടായെന്നും തങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച് നിര്‍മ്മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ ഇറക്കി വിട്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നു. അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ പുറത്താക്കിയത്. സബ് കളക്ടറെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. വീട്ടില്‍ താമസിക്കാന്‍ അനുവാദം ഇല്ലെങ്കില്‍ പണം തിരികെ നല്‍കണമെന്നും വൃദ്ധ ദമ്പതികള്‍ പറഞ്ഞു.

പണം കിട്ടി കഴിഞ്ഞപ്പോള്‍ മാതാപിതാക്കളെ വേണ്ടാതായി. തങ്ങളുടെ ജീവിതം ഒരു പാഠമാകണം. മക്കള്‍ക്ക് സ്വത്ത് നല്‍കി ആരും വഞ്ചിതരാകരുതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് വര്‍ക്കലയിലെ മകള്‍ മാതാപിതാക്കളെ പുറത്താക്കിയ ഗേറ്റ് അടച്ചത്. 79 വയസ്സുള്ള സദാശിവനെയും ഭാര്യ 73 വയസ്സുള്ള സുഷമ്മയെയുമാണ് മകള്‍ സിജി വീടിന് പുറത്താക്കിയത്. നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവര്‍ മാതാപിതാക്കളെ വീടിനുള്ളില്‍ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ ഇവരെ വൃദ്ധസദനത്തിലേക്ക് പൊലീസ് മാറ്റുകയായിരുന്നു.