ഉന്മേഷത്തോടെ ഉണരാന്‍ പരീക്ഷിക്കൂ ഈ നുറുങ്ങുകള്‍

09:15 AM Aug 04, 2025 | Kavya Ramachandran

ഊര്‍ജ്ജസ്വലരായി ഉണരാന്‍ ആഗ്രഹിക്കുന്നവരാണ് നാം. എന്നാല്‍ അമിതമായുള്ള ജോലി ഭാരവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം പലപ്പോഴും വളരെ ക്ഷീണിതരായാണ് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. എന്നാല്‍ രാവിലെയും രാത്രിയും നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് വഴി ഉന്മേഷത്തോടെ നിങ്ങളുടെ ദിവസം തുടങ്ങാന്‍ സാധിക്കും.

പ്രധാനമായും നേരത്തെ ഉറങ്ങുന്നത് തന്നെയാണ് ശീലമാക്കേണ്ടത്. ആന്തരിക ക്ലോക്കിന്റെ സമയം ക്രമീകരിക്കുന്നതിന് എന്നും കൃത്യ സമയത്ത് ഉറങ്ങാന്‍ ശീലിക്കണം. മൊബൈല്‍ഫോണ്‍ ഉപയോഗമാണ് മറ്റൊരു പ്രധാന പ്രശ്‌നം. നീല വെളിച്ചം മെലാട്ടോണില്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തും. ഇതുമൂലം നല്ല ഉറക്കം നിങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ ഇടയാകും. അതുകൊണ്ട് ഉറങ്ങുന്നതിന് ഏകദേശം ഒരുമണിക്കൂര്‍ മുന്നേ സ്‌ക്രീന്‍ ടൈം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. ഒപ്പം കിടക്കുന്ന മുറി എപ്പോഴും തണുപ്പോടെ സൂക്ഷിക്കുക. തണുപ്പ് ലഭിക്കുന്നത് വഴി ആഴമേറിയ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയാകും.

രാത്രി കിടക്കുന്നതിനു മുമ്പായി ലഘു ആഹാരങ്ങള്‍ കഴിക്കാന്‍ ശീലിക്കുക.രാത്രി വയറുനിറയെ ഭക്ഷണം കഴിച്ച് കിടക്കുന്നത് മൂലം നിങ്ങളുടെ പ്രഭാതം മന്ദഗതിയില്‍ ആകാന്‍ കാരണമാകും. രാവിലെ ഉണരുമ്പോള്‍ സൂര്യപ്രകാശം പതിയെ മുറിയിലെ ജനാലയിലൂടെ ലഭിക്കുന്നത് പോസിറ്റീവായ ഒരു ദിവസം നിങ്ങള്‍ക്ക് സമ്മാനിക്കും. ഉണരുമ്പോള്‍ തന്നെ വെള്ളം കുടിക്കുന്നതും ശീലമാക്കുക. ജീവിതശൈലിയില്‍ ഇത്തരം ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് വഴി ഊര്‍ജ്ജ്വസ്വലരായി ഉണരാന്‍ നിങ്ങളെ സഹായിക്കും.