ദുബൈ: യു എ ഇയിലുള്ള ഇന്ത്യൻ പ്രവാസികള്‍ക്ക് ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങള്‍ പുറത്തിറക്കി.പാസ്പോർട്ടിനായുള്ള ഫോട്ടോകള്‍ക്ക് കർശനമായ മാനദണ്ഡങ്ങളാണുള്ളത്. സെപ്തംബർ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ആഗോള വ്യോമയാന സംഘടനയായ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ സി എ ഒ)യുടെ മാർഗനിർദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നല്കിയ നിർദേശത്തെ തുടർന്നാണ് ഇതെന്ന് കോണ്‍സുലേറ്റ് അധികൃതർ വ്യക്തമാക്കി.
പുതിയ നിയമങ്ങള്‍ അനുസരിച്ച്, പാസ്പോർട്ട് അപേക്ഷകർ സമർപ്പിക്കുന്ന ഫോട്ടോകള്‍ക്ക് നിരവധി നിബന്ധനകളുണ്ട്. ഫോട്ടോക്ക് വെളുത്ത പശ്ചാത്തലമായിരിക്കണം. മുഖം വ്യക്തമായി കാണുന്ന ക്ലോസ്-അപ്പ് ഷോട്ടായിരിക്കണം. പൂർണമായ മുഖഭാവം, തുറന്ന കണ്ണുകള്‍, സ്വാഭാവികമായ ഭാവം എന്നിവ ഉണ്ടായിരിക്കണം. കണ്ണുകളില്‍ നിഴലുകളോ ചുവപ്പ് കണ്ണുകളോ ഫ്ലാഷ് പ്രതിഫലനങ്ങളോ ഉണ്ടാകാൻ പാടില്ല. കണ്ണടകള്‍ ധരിക്കരുത്.
മതപരമായ കാരണങ്ങളാല്‍ ശിരോവസ്ത്രം ധരിക്കാം, എന്നാല്‍ മുഖഭാവങ്ങള്‍ പൂർണമായി കാണണം തുടങ്ങിയവ നിബന്ധനകളില്‍ പെടും. ഈ പുതിയ നിയമം എല്ലാ പാസ്പോർട്ട് അപേക്ഷകള്‍ക്കും ബാധകമാണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. ഔട്ട്സോഴ്സ് ചെയ്ത പാസ്പോർട്ട് സേവന ദാതാവായ ബി എല്‍ എസ് ഇന്റർനാഷണല്‍ കേന്ദ്രങ്ങളില്‍ ഫോട്ടോഗ്രാഫി സേവനങ്ങള്‍ ലഭ്യമാണെങ്കിലും നവജാത ശിശുക്കള്‍ക്ക് പാസ്പോർട്ടിന് അപേക്ഷിക്കുന്ന മാതാപിതാക്കള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫോട്ടോ സ്വന്തമായി ലഭ്യമാക്കണം. അറിയിപ്പില്‍ വ്യക്തമാക്കി