വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു. നിലവിലുള്ള വലിയ വ്യാപാരക്കമ്മി ഉണ്ടായിരുന്നിട്ടും വ്യാപാരം തുടരാന്‍ യുഎസ് തയാറാണെന്നും എന്നാല്‍ അത് കൂടുതല്‍ ന്യായവും സന്തുലിതവും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
കൊറിയക്കും ജപ്പാനും അയച്ച കത്തുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് ഒന്ന് മുതല്‍, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും, മറ്റ് മേഖലാ താരിഫുകളില്‍ നിന്ന് വ്യത്യസ്തമായി, ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും 25 ശതമാനം താരിഫ് ഈടാക്കും. നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ 25 ശതമാനം എന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് ഇരു ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അയച്ച കത്തുകളില്‍ പറയുന്നു. തന്റെ കത്തുകള്‍ സഹിതം ട്രൂത്ത് സോഷ്യല്‍ പോസ്റ്റുകളില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയേക്കാം.